Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമ്പാട്ടി റായുഡു ഐപിഎലിൽ നിന്ന് വിരമിക്കുന്നു

അമ്പാട്ടി റായുഡു ഐപിഎലിൽ നിന്ന് വിരമിക്കുന്നു

ചെന്നൈ സൂപ്പർ കിംഗ്സ് താരം അമ്പാട്ടി റായുഡു ഐപിഎലിൽ നിന്ന് വിരമിക്കുന്നു. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരത്തിനു ശേഷം ഐപിഎൽ അവസാനിപ്പിക്കുമെന്ന് 37 വയസുകാരനായ റായുഡു അറിയിച്ചു. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളിലായി ഐപിഎൽ മത്സരങ്ങൾ കളിച്ച താരം അഞ്ച് കിരീടം നേടിയിട്ടുണ്ട്.

2004ലെ അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിച്ച റായുഡു അസാമാന്യ പ്രതിഭയുള്ള താരമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, ആഭ്യന്തര മത്സരങ്ങളിൽ തൻ്റെ കഴിവിനനുസരിച്ച് പ്രകടനം നടത്താൻ റായുഡുവിനായില്ല. ടീം മാനേജ്മെൻ്റുമായും ക്യാപ്റ്റന്മാരുമായും എതിർ ടീം അംഗങ്ങളുമായും പലതവണ ഉരസിയ താരം അതുകൊണ്ട് തന്നെ ആന്ധ്രാ പ്രദേശ്, ഹൈദരാബാദ്, ബറോഡ, വിദർഭ എന്നീ ടീമുകളിലായാണ് തൻ്റെ ആഭ്യന്തര കരിയർ കളിച്ചുതീർത്തത്. 2007ൽ നിലവിൽ വന്ന ഐസിഎൽ എന്ന വിമത ലീഗിൽ കളിച്ചതോടെ താരത്തെ ബിസിസിഐ വിലക്കി. 2010 ഐപിഎലിൽ മുംബൈ ഇന്ത്യൻസ് റായുഡുവിനെ ടീമിലെത്തിച്ചു. ടീമിലെ സുപ്രധാന താരമായിരുന്നു റായുഡു. മൂന്ന് തവണ മുംബൈയ്ക്കൊപ്പം താരം കിരീടം നേടി. 2018ൽ മുംബൈ വിട്ടുകളഞ്ഞ താരത്തെ ചെന്നൈ സ്വന്തമാക്കി. ചെന്നൈയിൽ ടോപ്പ് ഓർഡറിൽ കളിച്ച താരം ആക്രമണോത്സുക ബാറ്റിംഗ് ആണ് കാഴ്ചവച്ചത്. സീസണിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച റായുഡു 600ലധികം റൺസ് അക്കൊല്ലം നേടി. ആ വർഷം ചെന്നൈ ആയിരുന്നു ചാമ്പ്യന്മാർ. 2019 ഏകദിന ലോകകപ്പിൽ ഇടം ലഭിക്കാതിരുന്നതിനെ തുടർന്ന് താരം ആ വർഷം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 2022 സീസണു ശേഷം ഐപിഎലിൽ നിന്ന് വിരമിക്കുമെന്നറിയിച്ചെങ്കിലും മാനേജ്മെൻ്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ താരം ഈ തീരുമാനം മാറ്റുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറു ടി-20കളും കളിച്ചിട്ടുണ്ട്. 55 ഏകദിനങ്ങളിൽ നിന്ന് 47.05 ശരാശരിയിൽ 1694 റൺസാണ് റായുഡുവിൻ്റെ സമ്പാദ്യം. മൂന്ന് സെഞ്ചുറികളും 10 അർധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 203 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4329 റൺസാണ് റായുഡു നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments