തിരുവനന്തപുരം : താനൂരിലെ ബോട്ട് അപകടത്തിന് മുൻപ് തന്നെ ബോട്ട് സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നതായി ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ. എൻഫോഴ്സ്മെന്റ് അധികാരമില്ലാത്തതിനാൽ ഫയർഫോഴ്സിന് നോട്ടീസ് നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് സന്ധ്യ പറയുന്നു. പല വകുപ്പുകളും അഗ്‌നിശമനസേനയുടെ ഫയർ ഓഡിറ്റ് റിപ്പോർട്ടുകളിൽ നടപടിയെടുക്കാറില്ല. സുരക്ഷ സംബന്ധിച്ച നോട്ടീസുകളും അവഗണിക്കുകയാണ് പതിവെന്ന് ബി സന്ധ്യ പറഞ്ഞു.
ബുധനാഴ്ച ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്നോടിയായി തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫെയർവെൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബി. സന്ധ്യ.
പഴയതും പുതിയതുമായ എല്ലാ കെട്ടിടങ്ങളിലും കൃത്യമായ ഫയർ സിസ്റ്റമുണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. ഫയർസുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഇത് പലപ്പോഴും സ്ഥാപിച്ചതിന് ശേഷം അറ്റകുറ്റപ്പണി നടത്തുന്നതിൽ ജനങ്ങൾ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും ബി. സന്ധ്യ ചൂണ്ടിക്കാട്ടി.