ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ഗോത്രവിഭാഗങ്ങളുടെ ആവശ്യം. ഇന്നലെ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് കുക്കി വിഭാഗക്കാരുടെ പ്രതിനിധികള്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ടത്.
സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു, തീവ്രവാദികളായി ചിത്രീകരിച്ച് സര്‍ക്കാര്‍ വെടിവച്ചു കൊല്ലുകയാണെന്നും ഗോത്ര വിഭാഗക്കാര്‍ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് സംഭവങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെയോ ജുഡീഷ്യല്‍ സമിതിയുടെയോ അന്വേഷണമുണ്ടാകുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയത്. സമാധാനന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരിലെത്തിയിട്ടും സംഘര്‍ഷങ്ങള്‍ക്ക് കുറവില്ലാത്ത പശ്ചാത്തലത്തിലാണ് സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള ഷായുടെ നിര്‍ദേശം. ഇന്ന് അക്രമമുണ്ടായ കാങ്‌പോയ് മോറേ മേഖലകള്‍ അമിത് ഷാ സന്ദര്‍ശിക്കും. മെയ്തി കുക്കി വിഭാഗക്കാരുമായി ഷാ ചര്‍ച്ച നടത്തും. വൈകീട്ട് ഇംഫാലില്‍ സുരക്ഷ വിലയിരുത്താന്‍ യോഗവും അമിത്ഷാ വിളിച്ചിട്ടുണ്ട്. മണിപ്പൂരില്‍ സൈന്യവും പൊലീസും കര്‍ശന നടപടി തുടങ്ങിയതിന് പിന്നാലെ നാല്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.