വാഷിംഗ്ടൺ: അമേരിക്കൻ ജനതയ്ക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധി. ഇന്ത്യൻ പ്രവാസികളുമായും മറ്റുള്ളവരുമായും ആശയവിനിമയം നടത്താനും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തി വരുന്ന അമേരിക്കൻ സന്ദർശനത്തിന് എങ്ങും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഗോള ശൃംഖലയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസാണ് (ഐഒസി) സന്ദർശനം സംഘടിപ്പിക്കുന്നത്. സന്ദർശന വേളയിൽ, യുഎസിൽ സ്ഥിരതാമസമാക്കിയ വിവിധ മേഖലകളിൽ നിന്നുള്ള ഇന്ത്യക്കാരുമായി രാഹുൽ ഗാന്ധി വിപുലമായ സംഭാഷണങ്ങൾ നടത്തി വരികയാണ്.
ജനാധിപത്യം, വികസനം, സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്.
ജൂണ് 1 മുതൽ 2 വരെ ഇന്ത്യ യുഎസ് സുരക്ഷാ കൗൺസിൽ അംഗങ്ങളുമായും പ്രമുഖ മാധ്യമ എക്‌സിക്യൂട്ടീവുകളുമായും രാഹുല് ഗാന്ധി ആശയവിനിമയം നടത്തും. കോൺഗ്രസ്സുകാരുടെയും സെനറ്റർമാരുടെയും യുവ സ്റ്റാഫ് അംഗങ്ങളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടൺ ഡിസിയിലെ നിരവധി എൻജിഒകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
യുഎസ് സന്ദർശനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ, രാഹുൽ ഗാന്ധി ജൂൺ 3 ന് ന്യൂയോർക്കിൽ അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ എന്നിവരുമായി ഒരു ഹൈടീയിൽ പങ്കെടുക്കും. കൂടാതെ കല, സംഗീതം, നാടകം, സിനിമ തുടങ്ങിയ മേഖലകളിലെ പ്രമുഖ സാംസ്‌കാരിക വ്യക്തികളുമായി ഉച്ചഭക്ഷണം കഴിക്കും.
ജൂൺ 4 ന് ന്യൂയോർക്ക് ജാവിറ്റ്‌സ് സെന്ററിൽ നടക്കുന്ന ഐഒസി മെഗാ ഇവന്റിൽ പങ്കെടുക്കും. ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് വരുന്ന മുതിർന്ന കോൺഗ്രസ് പാർട്ടി നേതാക്കളും പങ്കെടുക്കും.