യുഎഇ പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും അംഗമാകാത്തവര്‍ക്ക് നിര്‍ദേശവുമായി അധികൃതര്‍. പദ്ധതിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ചെയ്തിരുന്ന ജോലിയുടെ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം മൂന്ന് മാസം ലഭിക്കുന്നതുമാണ് ഇന്‍ഷുറന്‍സ് പദ്ധതി. ജൂണ്‍ 30നാണ് അപേക്ഷിക്കാനുള്ള കാലാവധി അവസാനിക്കുക.
സ്വന്തം കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2023 ജനുവരി 1 മുതല്‍ സ്വകാര്യ, ഫെഡറല്‍ ഗവണ്‍മെന്റ് മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഈ സമയപരിധിയാണ് ജൂണ്‍ 30ഓടെ അവസാനിക്കുക.
16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ പ്രതിമാസം 5 ദിര്‍ഹം അല്ലെങ്കില്‍ പ്രതിവര്‍ഷം 60 ദിര്‍ഹം കൂടാതെ വാറ്റ് പ്രീമിയമായി നല്‍കേണ്ടതുണ്ട്. തുടര്‍ച്ചയായി മൂന്ന് മാസത്തെ തൊഴില്‍ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം നഷ്ടപരിഹാരം നല്‍കും.
16,000 ദിര്‍ഹത്തിന് മുകളില്‍ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ ഈ സ്‌കീമിന് കീഴില്‍ പ്രതിമാസം 10 ദിര്‍ഹം അല്ലെങ്കില്‍ 120 ദിര്‍ഹം വാര്‍ഷിക പ്രീമിയം നല്‍കേണ്ടതുണ്ട്.
നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്നവരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് വര്‍ഷം വരെയാണ് പോളിസി കാലയളവുള്ളത്. ദുബായ് ഇന്‍ഷുറന്‍സില്‍ നിന്നുള്ള സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമാണ്. എന്നാല്‍ എക്‌സ്‌ചേഞ്ച് ഹൗസുകള്‍, ടെലികോം സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കാം. പദ്ധതിയില്‍ ചേരുന്നവര്‍ കുറഞ്ഞത് 12 മാസത്തേക്ക് വിഹിതം അടയ്ക്കണം. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള നടപടിക്രമങ്ങള്‍ ചെയ്യേണ്ടത് തൊഴിലാളികള്‍ തന്നെയാണ്.