മോസ്കോ: രണ്ടു ദിവസം മുൻപ് യുക്രെയ്ന്‍റെ അവസാന യുദ്ധക്കപ്പൽ മിസൈൽ ആക്രമണത്തിൽ ഒഡെസ തുറമുഖത്ത് വച്ച് തകർത്തതായി അവകാശപ്പെട്ട് റഷ്യ രംഗത്തു വന്നു. സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ യുക്രെയ്ൻ നാവിക സേന വിസമ്മതിച്ചു. യുക്രെയ്ൻ നാവികസേനയുടെ അവസാന യുദ്ധക്കപ്പലായ യൂറി ഒലെഫിറെങ്കോയെ മിസൈലുകൾ ഉപയോഗിച്ച് ഒഡെസ തുറമുഖത്തു വച്ച് തകർത്തായാണ് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് അറിയിച്ചത്.
രണ്ടു ദിവസം മുൻപ് നടന്നതായി പറയപ്പെടുന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ കൊനാഷെങ്കോവ് തയാറായില്ല. നേരത്തെ തന്നെ മോസ്‌കോ പിടിച്ചെടുത്തതായി അവകാശപ്പെടുന്ന ഡോണെറ്റ്സ്കിനു സമീപമുള്ള ക്രാസ്നോറിവ്ക, യാസിനുവാറ്റ മേഖലകളിൽനിന്ന് യുക്രെയ്ൻ സൈന്യത്തെ തുരുത്തിയെന്നും റഷ്യ അവകാശപ്പെടുന്നു.
അതേസമയം, യുക്രെയ്ൻ നാവികസേന വക്താവ് ഒലെഹ് ചാലിക് റഷ്യയുടെ അവകാശവാദങ്ങളോടു പ്രതികരിക്കില്ലെന്ന് അറിയിച്ചു. യുദ്ധത്തിലുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്തില്ല. തിങ്കളാഴ്ച റഷ്യയുടെ അഞ്ച് വിമാനങ്ങൾ പടിഞ്ഞാറൻ യുക്രെയ്നിലെ സൈനിക കേന്ദ്രത്തിൽനിന്നുണ്ടായ ആക്രമണത്തിൽ പ്രവർത്തനരഹിതമായി. ഈ ആക്രമണത്തിൽ ഒഡെസ തുറമുഖത്ത് തീപിടിത്തമുണ്ടായെന്നും യുക്രെയ്ൻ അറിയിച്ചു.