തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജി വിദ്യാധരനാണ് ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ തള്ളിയത്. ഗ്രീഷ്‌മയെ ജുഡീഷ്യൽ കസ്‌റ്റഡിയിലെടുത്ത് കേസ് വിചാരണ നടത്തണമെന്ന ഷാരോൺ രാജിന്റെ കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. എന്നാൽ പ്രതിയ്‌ക്ക് ഈ സമയത്തും ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് ഗ്രീഷ്മ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
കേസ് തെളിഞ്ഞതുമുതൽ അഞ്ച് മാസത്തോളമായി ഗ്രീഷ്‌മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ്. കേസിൽ വാദം ഉടൻ ആരംഭിച്ചേക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. പ്രതി ഗ്രീഷ്‌മയ്‌ക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് വിചാരണയെ സാരമായി ബാധിക്കാനിടയുണ്ടെന്നും കാലതാമസമുണ്ടായാൽ സാഹചര്യ തെളിവുകൾ നഷ്ടപ്പെടാനിടയുണ്ടെന്നും സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ജാമ്യത്തിൽ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാറിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ അനുവദിച്ചത്. ഒന്നാം പ്രതിക്കായി ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹർജി പിൻവലിച്ചു. എന്നാൽ കസ്റ്റഡി വിചാരണ ഹർജി തീർപ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നൽകാൻ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കൊലപാതകമായിരുന്നു ഷാരോൺ വധക്കേസ്. ഗ്രീഷ്‌മയുടെ ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന ജാതകത്തിലെ ദോഷമകറ്റാൻ അമ്മാവനും അമ്മയും ചേർന്ന് ഗ്രീഷ്‌മയും ഷാരോണുമായുള്ള വിവാഹം നടത്തുകയായിരുന്നു. പിന്നീട് ഈ വിവാഹം ഒഴിയുന്നതിന് മൂവരും പദ്ധതിയിട്ട് കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു. ഒക്‌ടോബർ 25ന് ഷാരോൺ രാജ് മരിച്ചു. ഒക്‌ടോബർ 30 ന് ഗ്രീഷ്‌മ പിടിയിലായി. 31ന് ഗ്രീഷ്‌മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമ്മലൻ എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു.