Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒഡിഷയിലെ ട്രെയിന്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി; അപകടസ്ഥലത്തേക്ക് പ്രധാനമന്ത്രി

ഒഡിഷയിലെ ട്രെയിന്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി; അപകടസ്ഥലത്തേക്ക് പ്രധാനമന്ത്രി

ഒഡിഷയില്‍ 280ലധികം പേരുടെ ജീവനെടുത്ത ട്രെയിന്‍ ദുരന്തത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. 19ഓളം മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. (Odisha train accident Rescue operation completed)

അതേസമയം അപകടസ്ഥലം സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി യാത്ര തിരിച്ചു. പരുക്കേറ്റവര്‍ കഴിയുന്ന കട്ടക്കിലെ ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്‌നല്‍ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്‍ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് സിഗ്‌നല്‍ തകരാര്‍ മൂലം ഒഡിഷയില്‍ തന്നെ ട്രെയിന്‍ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവന്‍ നഷ്ടമാകുന്നതും.

കോറമണ്ടല്‍ എക്‌സ്പ്രസ് ചെന്നൈയില്‍ നിന്ന് ഷാലിമാര്‍ വരെ സഞ്ചരിക്കുന്നത് ഏകദേശം 27 മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ടാണ് (1662 കിലോമീറ്റര്‍). അതായത് മണിക്കൂറില്‍ ഏകദേശം 130 കിലോമീറ്റര്‍ വേഗതയിലാണ് കോറമണ്ടല്‍ എക്‌സ്പ്രസ് സഞ്ചരിക്കേണ്ടത്. എന്നാല്‍ അപകട സമയത്ത് കോറമണ്ടല്‍ എക്‌സ്പ്രസിന് വേഗത കുറവായിരുന്നു. എന്നിരുന്നാലും 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കേണ്ട ട്രെയിന്‍ പോകുമ്പോഴുണ്ടാവേണ്ട ശ്രദ്ധ സിഗ്‌നലിങ്ങില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തം.

ആദ്യ അപകടത്തിന് ശേഷം 10 മിനിറ്റിനുള്ളില്‍ ഹൗറ എക്‌സ്പ്രസ് വന്നതുകൊണ്ടാണ് സിഗ്‌നലിങ്ങിന് വേണ്ടത്ര സമയം കിട്ടാത്തതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. മിന്നല്‍ വേഗത്തില്‍ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിക്കേണ്ട സമയത്താണ് ഈ അനാസ്ഥയുണ്ടായത്. ഇന്ത്യന്‍ റെയില്‍വേയുടെ സിഗ്‌നലിംഗ് രീതികള്‍ കാളവണ്ടി യുഗത്തിലേതാണോ എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. റെയില്‍വേയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിശ്വാസ യോഗ്യമല്ലെന്ന ആക്ഷേപം നേരത്തേ പല തവണ ഉയര്‍ന്നിട്ടുണ്ട് താനും. അതേസമയം, അപകടത്തെ പറ്റി ഉന്നതതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിന്‍ അപകട മേഖല സന്ദര്‍ശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments