തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഗ്രൂപ്പുകളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കും. കെ സുധാകരനും വി ഡി സതീശനും കൂടിയാലോചന നടത്താതെ ഭാരവാഹികളെ പ്രഖ്യാപിച്ചെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ ഡിസിസി സെക്രട്ടറി രാജിവച്ചു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് പതിനൊന്ന് ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്‍റുമാരെ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. നേരം പുലര്‍ന്നപ്പോഴേക്കും ബ്ലോക്ക് പട്ടികയില്‍ അടി തുടങ്ങി. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും കൂടിയാലോചന നടത്താതെ ഭാരവാഹികളെ പ്രഖ്യാപിച്ചുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. എഐസിസി അധ്യക്ഷനും സോണിയ ഗാന്ധിക്കും എ, ഐ ഗ്രൂപ്പുകള്‍ പരാതി നല്‍കും. പരിഹാരം ഉണ്ടായില്ലെങ്കില്‍ കടുത്ത നിസഹകരണമാവും ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നുണ്ടാവുക. ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിയാത്ത പതിനഞ്ച് ബ്ലോക്കുകളില്‍ കൂടിയാലോചന വേണമെന്നായിരുന്നു ഉപസമിതിയുടെ നിര്‍ദേശം.
എന്നാല്‍ പ്രധാന നേതാക്കളുമായി കാര്യമായ ചര്‍ച്ചയ്ക്ക് നിലവിലെ നേതൃത്വം നിന്നില്ല. പട്ടിക പ്രഖ്യാപിച്ചതോടെ ഗ്രൂപ്പ് നേതൃത്വം നിര്‍ദേശിച്ച പേരുകാര്‍ പലരും പുറത്തായി. കോഴിക്കോട്ട് എം കെ രാഘവന്‍ എം പി നിര്‍ദേശിച്ച ആരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കെ മുരളീധരനും അവഗണനയായിരുന്നു. അതിനിടെ, കെ സുധാകരന്‍ പക്ഷത്തെ നേതാവിനെ ബ്ലോക്ക് പ്രസിഡന്‍റ് ആക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭാംഗവുമായ കെ അജിത്ത് കുമാര്‍ പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി. വനിതാ പ്രാതിനിധ്യം കുറഞ്ഞുപോയതിനും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.