തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ശനിയാഴ്ച അധ്യയന ദിവസമാക്കണമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 210 അധ്യയന ദിവസം ലഭ്യമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ നീക്കം പാഠ്യേതര വിഷയങ്ങളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. അധ്യാപക സംഘടനകള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും എതിർപ്പ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘സർക്കാർ എടുത്ത തീരുമാനം നടപ്പാക്കി കഴിഞ്ഞു. ആദ്യ ശനിയാഴ്ച മുതൽ ക്ലാസ് ആരംഭിച്ചു കഴിഞ്ഞു. എല്ലാ സ്ഥലത്തും എല്ലാവരും സഹകരിച്ചു. രക്ഷകർത്താക്കളും കുട്ടികളും സന്തോഷത്തിലാണ്. മറ്റൊരു വിഷയങ്ങളുമില്ല.’’– ശിവൻകുട്ടി പറഞ്ഞു. അധ്യയന ദിവസങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ വേനലവധി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏപ്രില്‍ ആറിനാകും ആരംഭിക്കുകയെന്നും സ്കൂളുകള്‍ പതിവുപോലെ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നത് ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്കാരങ്ങളെ എതിർത്ത് സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസമേഖലയിലെ പരിഷ്കാരങ്ങൾ ചർച്ചയിലൂടെയും അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്തുമാണു നടപ്പാക്കേണ്ടതെന്നു കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി പറഞ്ഞു. വിവാദങ്ങൾക്ക് ഇടനൽകാതെ ശാസ്ത്രീയമായ പഠനങ്ങൾക്കു വിധേയമായി വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പാക്കണമെന്നു കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ ആവശ്യപ്പെട്ടു .