കൊച്ചി: തൃശൂര്‍ രൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഫാ.റെനി മുണ്ടെന്‍കുര്യന്‍, ഫാ.അലക്സ് മാപ്രാണി എന്നിവര്‍ക്കൊപ്പമാണ് ബിഷപ് അമിത് ഷായെ കാണാനെത്തിയത്. കൊച്ചിയില്‍ അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അമിത് ഷാ.
അമൃതാനന്ദമയിയുടെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നിർധനരായ രോഗികളുടെ സൗജന്യ ചികിത്സക്കായി 25 കോടി രൂപ അമൃത ആശുപത്രി ചെലവഴിക്കും.
ആതുര ചികിത്സാരംഗത്ത് നിർണായകമായ ചുവടുവെപ്പുകളാണ് അമൃതാനന്ദമയിയുടെ നേതൃത്വത്തിലുള്ള അമൃത ആശുപത്രി നടത്തുന്നതെന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ പറഞ്ഞു. രാജ്യത്തെ മാത്രമല്ല ലോകത്തിന്റെ വിവിധ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്. ഇതെല്ലാം അഭിമാനാർഹമായ കാര്യങ്ങളാണ്. ആരോഗ്യ ശുചിത്വ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് മോദി സർക്കാരും തുടക്കമിട്ടിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
അമൃത വിശ്വാ പീഠത്തിൻ്റെ രണ്ട് റിസർച്ച് സെൻ്ററുകളുടെ പ്രഖ്യാപനവും അമിത് ഷാ നിർവ്വഹിച്ചു. രജത ജൂബിലി സോവനീർ ആരോഗ്യമന്ത്രി വീണ ജോർജ് പുറത്തിറക്കി. മന്ത്രി പി പ്രസാദ്, കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ,ടി ജെ വിനോദ് എംഎൽഎ, മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.