പത്തനംതിട്ട: മുന്‍ ഡിസിസി അധ്യക്ഷനായിരുന്ന ബാബു ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് നല്‍കിയ കത്ത് പുറത്ത്. ജില്ലാതല ഉപസമിതി യോഗത്തിലുണ്ടായ ബഹളങ്ങളെ തുടര്‍ന്നാണ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്തായതോടെ തനിയ്‌ക്കെതിരെ രാഷ്ട്രീയനീക്കങ്ങള്‍ നടത്തിയത് മുന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി. ജെ. കുര്യന്‍, ആന്റോ ആന്റണി എംപി, പഴകുളം മധു എന്നിവരാണെന്ന ഗുരുതര ആരോപണവുമായി ബാബു ജോര്‍ജ് പത്രസമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടയില്‍ നിന്നുവിട്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു കത്ത് വന്നതോടെയാണ് സംഭവങ്ങള്‍ മാറി മാറിയുന്നത്.
നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ ബാബു ജോര്‍ജിനെതിരെ നിലകൊണ്ടത് പി ജെ കുര്യനും ആന്റോ ആന്റണിയും മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. പഴകുളം മധുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ബാബു ജോര്‍ജ് ഉന്നയിച്ചിട്ടും അദ്ദേഹം കത്തില്‍ ബാബു ജോര്‍ജിനെ തിരിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്. ദീര്‍ഘകാലത്തേക്ക് ഇങ്ങനെ ഒരാളെ പുറത്ത് നിര്‍ത്തുന്നത് ശരിയല്ല എന്നാണ് പഴകുളം മധു തന്റെ കത്തില്‍ പറയുന്നത്. അന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പുറത്തായത് അന്വേഷിച്ചു നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതാണ്. ബാബു ജോര്‍ജിനെതിരെ നടപടി എടുക്കണമെന്ന് ഏതെങ്കിലും ഘട്ടത്തില്‍ ഒരു നേതാവിനോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ് എല്ലാമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
കെ. സി. വേണുഗോപാലിന്റെ വിശ്വസ്തനായ പഴകുളം മധുവിന്റെ ഇത്തരമൊരു കത്ത് ജില്ലയിലെ മറ്റ് നേതാക്കളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംശയങ്ങള്‍ ഇതോടെ പൂര്‍ണമായും പി. ജെ. കുര്യനിലേക്കും ആന്റോ ആന്റണിയിലേക്കും എത്തി നില്‍ക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഒരു ഘട്ടത്തിലും ഇരുവരും പ്രതികരിക്കാത്തതും സംശയം വര്‍ധിപ്പിച്ചിരുന്നു. പുന; സംഘടനയുമായി ബന്ധപ്പെട്ട് ഏറെനാളായി നടക്കുന്ന ചേരിപ്പോരിന്റെ തുടര്‍ച്ച മാത്രമാണ് ഇതെന്ന് പുറത്തു നിന്നുള്ള നേതാക്കള്‍ പറഞ്ഞെങ്കിലും പഴകുളം മധുവിന്റെ മനംമാറ്റം പുതിയ നീക്കങ്ങള്‍ക്ക് വഴിയൊരുക്കും. വരുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്ന ആന്റോ ആന്റണിക്ക് ഇത് കനത്ത തിരിച്ചടി നല്‍കുമെന്നതും ശ്രദ്ധേയമാണ്.