മെൽബൺ : സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് നടത്തുന്ന, സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്തിന്റെ ഉദ്ഘാടനകർമ്മം, ആദ്യ വാക്കുകൾ എഴുതി കൊണ്ട്, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
സമ്പൂർണ്ണ ബൈബിളിന്റെ പകർത്തിയെഴുത്ത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും, പത്താം വാർഷിക ആഘോഷ പരിപാടികളുടെ വിജയത്തിനായി, പ്രാർഥന ആശംസകളും അദ്ദേഹം നേർന്നു. വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്നാനായ സമുദായ അംഗങ്ങളെയെല്ലാം ഒരുമിച്ചുചേർത്ത് കൊണ്ടുപോകാനായി, സെന്റ് മേരിസ് ക്നാനായ ഇടവക കാണിക്കുന്ന പ്രത്യേക താത്പര്യം, അഭിനന്ദനീയമെന്നും, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനറും കെ.സി.വൈ.എൽ മുൻ അതിരൂപതാ പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.
ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ബൈബിൾ കൈയെഴുത്ത് കോഓർഡിനേറ്റർ ടോം പഴയംപള്ളിൽ, സോജൻ പണ്ടാരശ്ശേരിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈശോയുടെ തിരു ഹൃദയത്തിൻറെ തിരുനാളായി ആചരിക്കുന്ന ജൂൺ മാസം പതിനാറാം തീയതി, ഇടവക തലത്തിൽ കയ്യെഴുത്ത് ആരംഭിക്കുന്ന രീതിയിലാണ്, ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ, ക്രമീകരണങ്ങൾ നടത്തിവരുന്നത്.
പത്താം വാർഷികാഘോഷങ്ങളുടെ സമാപനം നടക്കുന്ന സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി, ഈ സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കും. പ്രാർഥന ചൈതന്യത്തോടെയും, നന്ദി നിറഞ്ഞ ഹൃദയത്തോടെയും, തങ്ങളുടെ കൈയ്യക്ഷരത്തിൽ, വിശുദ്ധഗ്രന്ഥം പകർത്തി എഴുതുന്നതിന്റെ, ആ വലിയ അനുഭവത്തിൽ, മെൽബൺ സെൻറ് മേരീസ് ക്നാനായ ഇടവക സമൂഹം, പുണ്യ സംരംഭം ഏറ്റെടുത്തിരിക്കുകയാണ്