ആലപ്പുഴ: ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത മുൻനിർത്തി ആലപ്പുഴയിലെ സി.പി.എം. നേതാക്കൾക്കെതിരേ സംസ്ഥാന നേതൃത്വം നടപടി തുടങ്ങി. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., മുൻ എം.എൽ.എ.മാരായ സി.കെ. സദാശിവൻ, ടി.കെ. ദേവകുമാർ എന്നിവരുൾപ്പെടെ നാല്പതിലധികംപേർക്കു നോട്ടീസ് നൽകി. കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷും ഇവരിൽപ്പെടുന്നു.
ജില്ലാ സെക്രട്ടറി ആർ. നാസർ, മന്ത്രി സജി ചെറിയാൻ എന്നിവരുടെ പക്ഷംചേർന്ന് വിഭാഗീയപ്രവർത്തനം നടത്തിയെന്നതാണു കുറ്റം. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, തകഴി, ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത സംബന്ധിച്ചാണു സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷൻ അന്വേഷണം നടത്തിയത്. ഈ നാല് ഏരിയ സെക്രട്ടറിമാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വിഭാഗീയപ്രവർത്തനം നടത്തിയെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ എന്തെങ്കിലും പറയാനുണ്ടോയെന്നു ചോദിച്ചാണു നോട്ടീസ്.
പി.പി. ചിത്തരഞ്ജൻ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗമായ എം. സത്യപാലനും വിഭാഗീയതയ്ക്കു നേതൃത്വം നൽകിയതായി കണ്ടെത്തി. സി.കെ. സദാശിവനും ടി.കെ. ദേവകുമാറും ജില്ലാക്കമ്മിറ്റിയംഗങ്ങളാണ്. ജില്ലാക്കമ്മിറ്റിയംഗങ്ങളായ വി.ബി. അശോകനും ശ്രീകുമാർ ഉണ്ണിത്താനും നോട്ടീസുണ്ട്. ഇവരിൽ ടി.കെ. ദേവകുമാറൊഴികെ ബാക്കിയെല്ലാവരും നാസർ പക്ഷക്കാരായാണ് അറിയപ്പെടുന്നത്. സജി ചെറിയാൻ പക്ഷക്കാരനായാണു ദേവകുമാർ അറിയപ്പെടുന്നത്.