ന്യുയോർക്ക്: ലോക കേരള സഭക്കെതിരെ നാട്ടിൽ ഉയരുന്ന ഉയരുന്ന വിവാദങ്ങളിൽ കഴമ്പില്ലെന്ന് അമേരിക്കൻ മലയാളികൾക്ക് അറിയാമെന്ന് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്. എല്ലാ സംഘടനകളും ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്. അതിൽ തെറ്റില്ല. എന്നാൽ സഭയുടെ സംഘാടക സമിതിയിലോ അംഗത്വത്തിലോ മലയാളികളുടെ ഏറ്റവും വലിയ സംഘടനായായ ഫോമയ്ക്കു അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നോർക്കയുടെ അമേരിക്കയിലെ ഡയറക്ടർ സ്വന്തം ആളുകളെ തിരുകിക്കയറ്റുകയാണ് ചെയ്തത്. യാതൊരുവിധ പ്രാതിനിധ്യ സ്വഭാവവും ലോക കേരളസഭക്കില്ല. ചില നേതാക്കളുമായും ചില സംഘടനകളുമായും ബന്ധപ്പെട്ടവർ മാത്രമാണ് സഭയിൽ ഉള്ളത്.
ഫോമാ പ്രസിഡന്റ് എന്ന നിലയിൽ തന്നെ സംഘാടക സമിതി വൈസ് പ്രസിഡന്റാക്കി. എന്നാൽ ഫോമായിൽ നിന്ന് 5 പേരെ സംഘാടക സമിതിൽ എടുക്കണമെന്ന് പറഞ്ഞിട്ട് അത് മൂന്നായി കുറഞ്ഞു. അവസാനം പറഞ്ഞു ഇനി നിങ്ങൾക്ക് പേര് തരാം. പേര് കൊടുത്തവരെ കമ്മിറ്റികളിൽ മെമ്പറായി ചേർത്തു. അതല്ലല്ലോ ജനാധിപത്യ പ്രക്രിയയിൽ നടക്കേണ്ടത്. മെമ്പറായതിനു പ്രത്യേക പ്രസക്തി ഒന്നുമില്ല.
അത് പോലെ വൈസ് പ്രസിഡന്റാണ് താൻ എങ്കിലും ഒരു കാര്യവും കൂടിയാലോചിച്ചിട്ടില്ല. ആരോ എന്തൊക്കെയോ ചെയ്യുന്നു. അത് മീറ്ററിംഗിൽ കൊണ്ട് വന്ന് അവതരിപ്പിക്കുന്നു. അല്ലാതെ ക്രിയാത്മകമായ ഒന്നും നടന്നിട്ടില്ല. എല്ലാം അവർ തീരുമാനിച്ചിട്ട് കമ്മിറ്റി വിളിച്ച് അത് അനൗൺസ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
ഇടതുപക്ഷ മുന്നണിയിലുള്ള കേരള കോൺഗ്രസിനെയും മറ്റും അനുകൂലിക്കുന്നവരെ പോലും അടുപ്പിച്ചിട്ടില്ല. ഫോമാ നേതൃത്വം സമ്മേളനം ബഹിഷ്ക്കരിക്കണമെന്ന അഭിപ്രായത്തിലായിരുന്നു. എന്നാൽ സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായരുടെയും മറ്റും അഭ്യർത്ഥന മാനിച്ച അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. എല്ലാവരുടെയും പ്രാതിനിധ്യമില്ലാത്ത സഭ വ്യക്തമായ ഒരു നയരൂപീകരണത്തിൽ എങ്ങനെ എത്തും?
ഇടതു സഹയാത്രികനല്ല, കട്ട സഖാവ് തന്നെയാണ് താൻ. എന്നിട്ടു പോലും തന്റെയടുത്ത് ഇങ്ങനെയാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയെയും മന്തിമാരെയുമെല്ലാം സ്വാഗതം ചെയ്യുന്നു. ഈ പാകപ്പിഴകൾ അവരുടെ ശ്രദ്ധയിൽ പെടുത്തും.
മുഖ്യമന്തിക്കൊപ്പമിരിക്കാൻ 82 ലക്ഷം രൂപ എന്ന രീതിയിൽ നാട്ടിൽ പ്രചരിപ്പിക്കുന്നതിൽ അർത്ഥമില്ല. സംഭാവന തുക നൽകുന്നവർക്ക് ഇത്തരം ഓഫറുകൾ നൽകുന്നത് ഇവിടെ പതിവാണ്. അതിനെ ഒരു വലിയ വിവാദമാക്കിയത് ഖേദകരമാണെന്നും, ജേക്കബ് തോമസ് പറഞ്ഞു.