എറണാകുളം: മഹാരാജാസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി വ്യാജ രേഖ ചമച്ച് മറ്റൊരു കോളേജില്‍ ജോലിക്ക് ശ്രമിച്ചതായി പരാതി. കേരളത്തിലെ പ്രശസ്തമായതും ഒട്ടേറെ പ്രമുഖര്‍ പഠിപ്പിച്ചതും പഠിച്ചിറങ്ങിയതുമായ കലാലായത്തിന്‍റെ പേരിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി വ്യാജരേഖ ചമച്ചതെന്നാണ് പരാതി. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയാണ് വ്യാജ രേഖ ഉണ്ടാക്കി മറ്റൊരു കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ആയത്. കാസര്‍കോട് സ്വദേശിനിയായ വിദ്യ കെ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്കെതിരെയാണ് പരാതി. സാധാരണ കോളേജുകളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ രീതിയില്‍ നിന്ന് വ്യത്യസ്തമായ രേഖയാണ് വിദ്യയെ കുടുക്കിയത്.
സംഭവത്തിൽ മഹാരാജാസ് കോളേജ് പോലീസിൽ പരാതി നൽകി. കോളേജിൻറെ സീലും വൈസ് പ്രിൻസിപ്പാലിൻറെ ഒപ്പും വ്യാജമായി ഉണ്ടാക്കിയ പൂർവ്വ വിദ്യാർത്ഥി രണ്ട് വർഷം മഹാരാജാസിൽ താത്കാലിക അധ്യാപികയായിരുന്നു എന്നാണ് രേഖ ചമച്ചത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ ഹാജരായപ്പോൾ സമർപ്പിച്ച രേഖകളുടെ സംശയം തോന്നിയ ഉദ്യോഗസ്ഥൻ മഹാരാജാസ് കോളേജിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൻറെ വിവരം പുറത്ത് വന്നത്.
മഹാരാജാസില്‍ പഠിക്കുമ്പോഴും പിന്നീട് കാലടി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴും ഈ വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐയുടെ നേതാക്കളുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും വ്യാജ പ്രവൃത്തിപരിചയ രേഖ ഉണ്ടാക്കുന്നതിന് ഇത് സഹായകമായിട്ടുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.