ഇന്ത്യയില്‍ നികുതി കുറച്ചാണ് അടച്ചതെന്ന് സമ്മതിച്ച് ബിബിസി. ആദായനികുതി വകുപ്പിന് അയച്ച ഇ-മെയിലിലാണ് ബിബിസി ഇക്കാര്യം സമ്മതിച്ചത്. ക്രമപ്രകാരം അടയ്‌ക്കേണ്ട എല്ലാ നികുതിയും ഇനിമുതല്‍ കൃത്യമായി അടയ്ക്കാം എന്ന് ബിബിസി വിശദീകരിച്ചിട്ടുണ്ട്. 40 കോടിയോളം രൂപയാണ് ബിബിസി കുറച്ച് കാട്ടിയത്. വീഴ്ച ഇനി ആവര്‍ത്തിക്കില്ലെന്നും ബിബിസി അറിയിച്ചു.
ബിബിസി നല്‍കിയ ഈ മറുപടിയെക്കുറിച്ച് ബിബിസി ലണ്ടന്‍ ഓഫിസ് ഇതുവരെ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈയിലേയും ഡല്‍ഹിയിലേയും ഓഫിസുകളില്‍ സര്‍വെ നടത്തിയത്. ബിബിസി ഓഫിസുകളിലെ ചെക്ക്ബുക്കുകളും മറ്റ് ഡോക്യുമെന്റുകളുമാണ് ടാക്‌സ് അതോരിറ്റികള്‍ പരിശോധിച്ചത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പുറത്തിറക്കിതിന് തൊട്ടുപിന്നാലെയാണ് പരിശോധനകള്‍ നടന്നത്. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
നികുതി കുറച്ച് അടച്ചതില്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടില്ല. നികുതി കുറച്ച് കാണിച്ചെന്ന് ഇ മെയിലില്‍ ബിബിസി സമ്മതിച്ചിട്ടുണ്ടെങ്കിലും അതിന് അത്രത്തോളം നിയമസാധുതയില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ച് കാണിച്ച തുക ഈടാക്കുന്നതിന് ഉള്‍പ്പെടെ ഇനിയും നടപടിക്രമങ്ങള്‍ ബാക്കിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.