കോട്ടയം: ശ്രദ്ധയുടെ ആത്മഹത്യയെതുടർന്ന് സംഘർഷം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ മന്ത്രിമാരുടെ സംഘം ഇന്ന് സന്ദർശനം നടത്തും. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും മന്ത്രി വി.എൻ വാസവനും 10 മണിയോടെ കോളജിൽ എത്തും. കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ വെച്ച് മാനേജ്‌മെന്റ്, വിദ്യാർത്ഥി പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തും. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കോളജിലെ വിദ്യാർത്ഥികൾ.
ഇന്നലെയും വിദ്യാർത്ഥികൾ മാനേജ്‌മെന്റിനെതിരെ ശക്തമായ സമരം നടത്തിയിരുന്നു. കോളജിന്റെ പ്രധാന കവാടം വിദ്യാർത്ഥികൾ പൂട്ടിയിടുന്ന സ്ഥിതിയുമുണ്ടായി. അധ്യാപകരെ അടക്കം കോളജിന് പുറത്തിറങ്ങാൻ അനുവദിക്കാതിരുന്ന വിദ്യാർത്ഥികൾ കവാടത്തിനടുത്ത് നിലയുറപ്പിച്ചിരുന്നു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച എസ്എഫ്‌ഐ കോളജിന് പുറത്ത് കൊടി നാട്ടുകയും ചെയ്തു.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്‌നോളജി ഡിപ്പാർട്‌മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ച നിർണായകമാണ്. അതേ സമയം, കോളജിലേക്ക് എബിവിപി ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കുകയാണ്.