ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ 130-ാം വാർഷികം ആഘോഷിക്കാൻ ഐഎൻഎസ് ത്രിശൂൽ ഡർബനിൽ. ജൂൺ 6 മുതൽ 9 വരെ നാല് ദിവസങ്ങളിലാണ് കപ്പൽ ഡർബൻ സന്ദർശിക്കുന്നത്. വാർഷികത്തോടനുബന്ധിച്ച് ഡർബനിന് സമീപത്തുള്ള പീറ്റർമാരിറ്റ്‌സ്ബർഗ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ നാവികസേന പ്രിതിനിധികൾ പങ്കെടുക്കും. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തും.’ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷത്തിന്റെ ഭാഗമായാണ് ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ സത്യാഗ്രഹത്തിന്റെ 130-ാം വാർഷികവും ആഘോഷിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിറ്റ്സ്ബർഗ് റെയിൽവേ സ്റ്റേഷനിൽ വംശീയ വിവേചനത്തെ തുടർന്ന് ഗാന്ധിയെ ട്രെയിനിൽ നിന്ന് പുറത്താക്കിയ സംഭവത്തിന്റെ 130-ാം വാർഷികമാണ് നാവികസേന അനുസ്മരിക്കുന്നത്. പീറ്റർമാരിറ്റ്സ്ബർഗിൽ നടന്ന സംഭവത്തിന്റെ വാർഷികസ്മരണയ്‌ക്കും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തിന്റെ സ്മരണയ്‌ക്കുമാണ് ജൂൺ 6 മുതൽ 9 വരെ സേന ഡർബൻ സന്ദർശിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം പത്രകുറിപ്പിലൂടെ അറിയിച്ചു.
1893 ജൂൺ 7-ന് ട്രാൻസ്വാളിലെ പ്രിട്ടോറിയയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഗാന്ധിജി ആദ്യമായി പീറ്റർമാരിറ്റ്‌സ്ബർഗ് സ്റ്റേഷനിലെത്തിയത്. ടിക്കറ്റ് വാങ്ങിയ ശേഷം ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെന്റിൽ അദ്ദേഹത്തെ ഇരുത്തി, ശേഷം അദ്ദേഹത്തിന് അവിടെ ഇരിക്കാൻ അർഹതയില്ലെന്ന് ആരോപിച്ച് ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരം കമ്പാർട്ട്‌മെന്റിൽ നിന്ന് ഗാന്ധിയെ പുറത്താക്കി. തുടർന്ന് വർണവിവേചനത്തിനെതിരെ അദ്ദേഹം പീറ്റർമാരിറ്റ്‌സ്ബർഗ് റെയിൽവേ സ്റ്റേഷനിൽ സത്യാഗ്രഹം നടത്തുകയായിരുന്നു.