ന്യൂഡൽഹി: ബിഎസ്എൻഎല്ലിന് 4ജി,5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനായി 89,047 കോടി രൂപ. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
ഓഹരി സമാഹരണത്തിലൂടെ ബിഎസ്എൻഎലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കും. ഇതിന്റെ ഭാഗമായി ബിഎസ്എൻഎലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടി രൂപയായി ഉയർത്തും. പുനരുജ്ജീവന പാക്കേജിലൂടെ രാജ്യത്തിന്റെ വിദൂര മേഖലകളിൽ സമ്പർക്കസൗകര്യം ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സുസ്ഥിര ടെലികോം സേവനദാതാവായി ബിഎസ്എൻഎൽ മാറും. പുതിയ സ്‌പെക്ട്രം അനുവദിക്കലിലൂടെ ബിഎസ്എൻഎല്ലിന് ഇന്ത്യയൊട്ടാകെ 4ജി,5ജി സേവനങ്ങൾ നൽകാൻ കഴിയും. വിവിധ സമ്പർക്ക സൗകര്യ പദ്ധതികൾക്ക് കീഴിൽ ഗ്രാമങ്ങളിലും ഇതുവരെ സൗകര്യമെത്താത്ത ഗ്രാമങ്ങളിലും 4ജി സൗകര്യം നൽകനാകും. അതിവേഗ ഇന്റർനെറ്റ് സൗകര്യത്തിനായി ഫിക്‌സഡ് വയർലെസ് ആക്‌സസ് സേവനങ്ങളും നടപ്പിലാക്കും.
ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനുമായുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നൽകിയത് 2019-ലാണ്. 69,000 കോടി രൂപയുടെ പാക്കേജ് ബിഎസ്എൻഎൽ, എംടിഎൻഎൽ സ്ഥിരത കൊണ്ടുവന്നു. തുടർന്ന് 2022-ൽ 1.64 ലക്ഷം കോടി രൂപയുടെ രണ്ടാത്തെ പുനരുജ്ജീവന പാക്കേജിന് സർക്കർ അംഗീകാരം നൽകി. പദ്ധതി ചെലവിന് സാമ്പത്തിക സഹായം, ഗ്രാമീണ ലാൻഡ്‌ലൈനുകൾക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്, ആസ്തിബാദ്ധ്യതകൾ കുറയ്‌ക്കുന്നതിനുള്ള സാമ്പത്തിക സഹായം തുടങ്ങിയവയ്‌ക്ക് ഇത് സഹായകമായി. രണ്ട് പാക്കേജുകളുടെ ഫലമായി 2021-22 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ പ്രവർത്തന ലാഭം നേടി തുടങ്ങി. ബിഎസ്എൻഎല്ലിന്റെ മൊത്തം കടം 32,944 കോടി രൂപയിൽ നിന്ന് 22,289 കോടി രൂപയായി കുറഞ്ഞു.