ഏറെക്കാലമായി വാഹനലോകത്ത് ചര്‍ച്ചാവിഷയമാണ് അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ലയുടെ ഇന്ത്യൻ വിപണി പ്രവേശനം. എന്നാല്‍ നികുതി ഇളവുകളുമായും മറ്റും ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് അത് നീണ്ടുപോകുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഇലക്‌ട്രിക് വാഹനങ്ങൾ രാജ്യത്ത് അസംബിൾ ചെയ്യുന്നതിനു പുറമെ ഇവിടെ വിതരണ ശൃംഖല അഥവാ വെണ്ടർ ബേസ് കൂടി സ്ഥാപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിർദേശം എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല തത്വത്തിൽ അംഗീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനിക്ക് ആദ്യം കാറുകളുടെ അസംബ്ലിംഗ് ആരംഭിക്കാമെന്നും പിന്നീട് വിതരണ ശൃംഖല സജ്ജീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിൽ, ടെസ്‌ലയുടെ ആഗോള ഉൽപ്പാദനത്തിന്റെ പകുതിയിലധികവും നടക്കുന്നത് ചൈനയിലാണ് (ഷാങ്ഹായ്) അവിടെ അത് ഒരു വലിയ വെണ്ടർ അടിത്തറ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ അവിടെ ഒരു മെഗാപാക്ക് ബാറ്ററി ഫാക്ടറിയും നിർമ്മിച്ചു. കമ്പനി ഇന്ത്യയിൽ ഒരു നിർമ്മാണ അടിത്തറ ആരംഭിക്കുകയാണെങ്കിൽ, ഈ വെണ്ടർമാരെ ഇന്ത്യയിലേക്ക് മാറ്റേണ്ടിവരും. കാരണം 2020-ന് ശേഷമുള്ള അതിർത്തി സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യ 100 ശതമാനം ചൈനീസ് നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ വെണ്ടർമാർ ഇന്ത്യൻ സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ വിതരണ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇതിന് എത്ര സമയം ആവശ്യം വരുമെന്ന് അറിയിക്കാൻ സര്‍ക്കാര്‍ ടെസ്ലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ കമ്പനി ഇത് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ വിതരണ ശൃംഖല സ്ഥാപിക്കുന്നത് വരെ അതിനാവശ്യമായ ഘടകങ്ങളില്‍ ഇറക്കുമതി ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കഴിഞ്ഞ മാസം രാജ്യം സന്ദര്‍ശിച്ച ടെസ്ല സംഘത്തിനോട് അധികൃതര്‍ പറഞ്ഞിരുന്നു.
ഘട്ടം ഘട്ടമായുള്ള നിര്‍മാണ പദ്ധതിയ്ക്ക് കീഴില്‍ പി.എല്‍.ഐ സ്‌കീമിലൂടെ ആപ്പിള്‍, സംസംഗ് എന്നിവയ്ക്ക് ഇത്തരം ഇളവുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്ല സമ്മതിച്ചുകഴിഞ്ഞാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പരിഷ്‌ക്കരിച്ച പി.എല്‍.ഐ സ്‌കീമും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും.
ടെസ്‍ലയുടെ പുതിയ ഫാക്ടറിയുടെ സ്ഥാനം ഈ വർഷം അവസാനത്തോടെ അന്തിമമാക്കാൻ സാധ്യതയുണ്ടെന്ന് ടെസ്‌ലയിലെ സിഇഒ എലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് ബിസിനസ് തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ അത് ഇന്ത്യയിലാകാമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ടെസ്‌ലയുടെ നിർദിഷ്ട ഇന്ത്യ ഗിഗാ ഫാക്ടറി, പ്രാദേശികമായി ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. ഒപ്പം അത് ഏഷ്യൻ വിപണികളിലേക്കും മറ്റ് വിപണികളിലേക്കും കയറ്റുമതിക്കും ഉപയോഗിക്കും.
അതേസമയം രാജ്യത്ത് നിക്ഷേപം നിലനിർത്താൻ ചൈനയും നിലവിൽ മസ്‌കിനെ സമീപിക്കുന്നതിനാൽ ടെസ്‌ല ഇന്ത്യയുമായി കടുത്ത വിലപേശൽ നടത്തുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞതായി ഫിനാൻഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ചൈന സന്ദർശിച്ച ഇലോണ്‍ മസ്‌ക് അവിടെയുള്ള ഉന്നത നേതാക്കളുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു.
അതേസമയം ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നത് ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെന്ന് അടുത്തിടെ ഒല ഇലക്ട്രിക്ക് വ്യക്തമാക്കിയിരുന്നു. ടെസ്‌ല ന്യായമായ നിബന്ധനകളിൽ വിപണിയെ സമീപിക്കണമെന്നും നികുതിയെക്കുറിച്ച് കരയരുതെന്നും പകരം ഇന്ത്യയിൽ മൂലധനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ഒല ഇലക്ട്രിക്ക് സിഎഫ്ഒ അരുൺ ജി ആർ നിർദ്ദേശിച്ചത്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുക, പ്രാദേശിക സമ്പദ് വ്യവസ്ഥയും ജിഡിപിയും വർദ്ധിപ്പിക്കുക, രാജ്യത്തിൻറെ പ്രയോജനത്തിനായി ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുക എന്നിവ പിന്തുടരണമെന്നും ടെസ്‍ലയോട് ഒല സിഎഫ്ഒ പറഞ്ഞു.