ന്യൂയോർക്ക്: കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിലാകെ പുക മൂടിയിരിക്കുകയാണ്. ഇതോടെ ന്യൂയോർക്ക് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലുമാകെ പുക പടർന്നിരിക്കുകയാണ്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങൾ സർവീസ് നിർത്തിയും വച്ചിരുന്നു.
ഇപ്പോഴിതാ, ന്യൂയോർക്കിലെ ക്വീൻസ് സൗത്തിന്റെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഭൂനിരപ്പിൽ നിന്ന് 0.5 അടി വരെ ഉയരമുള്ള വെള്ളപ്പൊക്കമായിരിക്കും ഉണ്ടാവുക. തീരത്തെ റോഡുകളെയും കെട്ടിടങ്ങളെയും വെള്ളപ്പൊക്കം ചെറിയ രീതിയിൽ ബാധിച്ചേക്കാം. ന്യൂയോർക്ക് സിറ്റി എമർജൻസി മാനേജ്‌മെന്റാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.