തൃശൂർ: പരിസ്ഥിതി-മൃഗസ്നേഹി സംഘടനകൾക്കെതിരെ വീണ്ടും വിമർശനവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാറിന്റെ ലക്ഷ്യം മതിയായ ചികിത്സ നൽകി അരിക്കൊമ്പനെ സംരക്ഷിക്കുകയെന്നതായിരുന്നു. എന്നാൽ, പരിസ്ഥിതി- മൃഗസ്നേഹികളുടെ അതിരുകവിഞ്ഞ സ്നേഹവും ഇടപെടലുകളുമാണ് അതിനു തടസ്സമായതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
തൃശൂരിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമാണ പ്രവൃത്തികൾ വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അരിക്കൊമ്പനെ സംബന്ധിച്ച് തമിഴ്നാട് സർക്കാറുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിച്ചതോടെ അരിക്കൊമ്പൻ ശാന്തനാണെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചതായും മന്ത്രി പറഞ്ഞു.