Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാനഡയിൽ ഇന്ദിരാവധത്തെ ആഘോഷിച്ചതിനെ വിമർശിച്ച് മന്ത്രി ജയശങ്കർ: 'ഉഭയകക്ഷി ബന്ധത്തെ ബാധിക്കും'

കാനഡയിൽ ഇന്ദിരാവധത്തെ ആഘോഷിച്ചതിനെ വിമർശിച്ച് മന്ത്രി ജയശങ്കർ: ‘ഉഭയകക്ഷി ബന്ധത്തെ ബാധിക്കും’

ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിച്ച്, കാനഡയിൽ നടന്ന ഖലിസ്ഥാൻ പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബുധനാഴ്ച കാനഡയിലെ ബ്രാംപ്ടൺ ​​ന​ഗരത്തിലാണ് പരേഡ് നടന്നത്. ഇത്തരം സംഭവങ്ങൾ ഇന്ത്യയും കാനഡയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും എസ് ജയശങ്കർ മുന്നറിയിപ്പ് നൽകി. ഖലിസ്ഥാൻ അനകൂല സംഘടനയാണ് പരേഡ് നടത്തിയത്. ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം പുനരാവിഷ്‍കരിച്ച ഫ്ളോട്ടാണ് (float) വിവാദമായത്.

പരേഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് കാനഡയ്ക്ക് കനത്ത താക്കീതുമായി ഇന്ത്യ രം​ഗത്തെത്തിയത്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിന് രണ്ട് ദിവസം മുൻപ് ജൂൺ 4 നാണ് പരേഡ് നടത്തിയത്. പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ കടന്ന സിഖ് ഭീകരരെ നേരിടാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷനാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ. വിഘടനവാദികൾക്കും തീവ്രവാദികൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത്രയ്ക്ക് പ്രാധാന്യം നൽകുന്നതിനു പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് താൻ കരുതുന്നതായും എസ് ജയശങ്കർ പറഞ്ഞു.

”വോട്ട് ബാങ്ക് രാഷ്ട്രീയം അല്ലാതെ മറ്റെന്താണ് ഇത്തരം സംഭവങ്ങൾക്കു പിന്നിലെ കാരണം എന്ന് എനിക്ക് മനസിലാകുന്നില്ല. വിഘടനവാദികൾക്കും തീവ്രവാദികൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത്രയ്ക്ക് അവസരങ്ങൾ നൽകുന്നതിനു പിന്നിൽ മറ്റെന്തോ കാരണം ഉണ്ടെന്ന് ഞാൻ കരുതുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ല” ജയശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനത്തെക്കുറിച്ചും എസ് ജയശങ്കർ സംസാരിച്ചു.

ഇത്തരം ഭീഷണികൾക്കും തെറ്റായ പ്രചാരണങ്ങൾക്കും ഇന്ത്യ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ ഇന്ത്യ നിരന്തരം പോരാടുകയാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങളിൽ പലതും ഇന്ത്യയെ ഇപ്പോൾ ഒരു വികസന പങ്കാളിയായാണ് കാണുന്നതെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ തന്നെ സാമ്പത്തിക രം​ഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഇന്ത്യ സൃഷ്ടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും എസ് ജയശങ്കർ ആഞ്ഞടിച്ചു. ഒരു വിദേശ രാജ്യത്തു പോയി ഇന്ത്യയെ വിമർശിക്കുന്ന ശീലം രാഹുൽ ​ഗാന്ധിക്കുണ്ടെന്നും ലോകം നമ്മലെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന കാര്യം മറക്കരുത് എന്നും മന്ത്രി പറഞ്ഞു. ”വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഇന്ത്യയെ വിമർശിക്കുന്ന ശീലം രാഹുൽ ഗാന്ധിക്കുണ്ട്. ദേശീയ രാഷ്ട്രീയം രാജ്യത്തിന് പുറത്ത് ചർച്ച ചെയ്യുന്നത് ദേശീയ താൽപര്യത്തിന് ചേരുന്നതാണെന്ന് ഞാൻ കരുതുന്നില്ല”, ജയശങ്കർ പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനെതിരെ ശക്തമായ വിമർശനുമായി രാഹുൽ ​ഗാന്ധി രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു എസ് ജയശങ്കറിന്റെ പരാമർശം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments