ദുബായ് : ഗ്ലോബൽ വില്ലേജ് ഈ വർഷം ഒരാഴ്ച മുൻപേ തുറക്കും. ആഗോള കലാ–സാംസ്കാരിക–ഷോപ്പിങ് കേന്ദ്രത്തിൻ്റെ ‘സീസൺ 28’ ഒക്ടോബർ 18 ന് തുറക്കുമെന്ന് അധികൃതർ പറഞ്ഞു. മുന്‍ വർഷങ്ങളിൽ ഒക്ടോബർ 25 നായിരുന്നു തുറന്നിരുന്നത്.
പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യാർഥമാണ് ഈ നീക്കം. എല്ലാവർക്കും കൂടുതൽ സമയം ഗ്ലോബൽ വില്ലേജ് എന്ന വിസ്മയ ലോകത്ത് മുഴുകാനുള്ള അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഫാമിലി തീം പാർക്ക് 194 ദിവസത്തേയ്ക്ക് തുറന്നിരിക്കും. 2024 ഏപ്രിൽ 28-ന് സമാപിക്കും.
ഓരോ വർഷവും, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ദശലക്ഷക്കണക്കിന് സന്ദർശകർ ഗ്ലോബൽ വില്ലേജിലെത്താറുണ്ട്. ഊർജ്ജസ്വലമായ അന്തരീക്ഷം, ആകർഷകമായ ഷോകൾ, രുചികരമായ പാചകരീതികൾ, അതുല്യമായ ഷോപ്പിങ് അവസരങ്ങൾ എന്നിവ നുകർന്ന് ആഹ്ളാദിക്കാന്‍ എല്ലാവരും ഒത്തുകൂടുന്നു.
27-ാം പതിപ്പിലെ സന്ദർശകരുടെ എണ്ണം കണക്കിലെടുത്തപ്പോൾ ഗ്ലോബൽ വില്ലേജ് അതിന്റെ മുൻ സീസണിലെ എല്ലാ റെക്കോർഡുകളും തകർത്തു. വിനോദ പാർക്കിന് 9 ദശലക്ഷത്തിലേറെ സന്ദർശകരെ ലഭിച്ചു. കഴിഞ്ഞ പതിപ്പിൽ 27 പവലിയനുകളിലായി 90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുകയും 40 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 400 കലാകാരന്മാർ 40,000 പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തു, 2022 ഒക്ടോബർ 25-ന് ആരംഭിച്ചത് മുതൽ സന്ദർശകർ 175-ലധികം റൈഡുകളും മറ്റു ആകർഷണങ്ങളും ആസ്വദിച്ചു.