യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽഎസി) സമീപത്തായി കൊടുമ്പിരിക്കൊള്ളുന്ന സമ്മർദ്ദങ്ങൾക്കിടെ, തന്ത്രപ്രധാനമായ റോഡ് നിർമാണത്തിനൊരുങ്ങി ഇന്ത്യ. ചൈനയുടെ നീക്കങ്ങൾക്ക് പ്രതിരോധം സൃഷ്ടിക്കാനാണ് പാങ്ങോങ് തടാകത്തിന് വലതുവശം ചേർന്നുകൊണ്ട് പുതിയ റോഡ് നിർമിക്കുന്നത്. തടാകത്തിലെ ഫിംഗർ 1, ഫിംഗർ 2 ഭാഗങ്ങളിലെ സൈനിക താവളങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബന്ധിപ്പിക്കാനാണ് ഈ നീക്കം. എൽഎസിയുടെ സമീപത്തായാണ് പുതിയ റോഡ് വരിക.
നിലവിൽ, പാങ്ങോങ് തടാകത്തിന്റെ വലതു വശത്ത് മികച്ച റോഡ് സൗകര്യമില്ല. ലുകുങ്ങിൽ നിന്നും ചാർസെ വരെ 38 കിലോമീറ്റർ നീളുന്ന റോഡാണ് പരിഗണനയിലുള്ളത്. 2020 മുതൽ ഇന്ത്യയും ചൈനയും തമ്മിൽ തർക്കത്തിലുള്ള ഭാഗങ്ങളിലേക്കുള്ള ദൂരം ഈ റോഡ് കുറയ്ക്കും. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ജൂൺ 8ന് പുറത്തുവിട്ട കരാർ രേഖകൾ ന്യൂസ് 18നു ലഭിച്ചു. രേഖകൾ പ്രകാരം, 38 കിലോമീറ്റർ റോഡിനായി മാറ്റിവച്ചിരിക്കുന്നത് 154 കോടി രൂപയാണ്. 30 മാസമാണ് പണിതീർക്കാൻ നൽകിയിരിക്കുന്ന സമയം.
‘ഗ്രീൻഫീൽഡ് അലൈൻമെന്റാണ് റോഡിന്റേത്. ഇപ്പോൾ നിലവിലുള്ള നിരത്ത് ഈ അലൈൻമെന്റിന്റെ ഭാഗമാകും. അതുകൊണ്ടുതന്നെ, റോഡിനോടു ചേർന്ന് കാര്യേജ് വേ ഉണ്ടായിരിക്കില്ല.’ രേഖകളിൽ സൂചിപ്പിക്കുന്നു. ദേശീയപാതാ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് പുതിയ റോഡ് ഹൈവേ ആയിരിക്കും. സൈനിക സംഘങ്ങളെയും ആയുധങ്ങളെയും വഹിച്ചു കൊണ്ടുള്ള ഭാരമേറിയ വാഹനങ്ങളുടെ നീക്കം ഇതുവഴി ഉണ്ടായിരിക്കും.
പാങ്ങോങ് തടാകത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ചെറു ഗ്രാമമാണ് ലുകുങ്ങ്. തടാകത്തിന്റെ വലതു വശത്തായി ഫിംഗർ 1 നോട് ചേർന്നാണ് ചാർസെ സ്ഥിതിചെയ്യുന്നത്. ഇവിടെ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷാ താവളമുണ്ട്. സൈന്യം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. റോഡ് വന്നുകഴിഞ്ഞാൽ, ഈ ഭാഗത്തേക്കുള്ള യാത്രാ ദൈർഘ്യം മൂന്നിലൊന്നായി കുറയും. നിലവിൽ ഒന്നര മണിക്കൂറിലധികമാണ് ലുകുങ്ങിൽ നിന്നും ചാർസെയിലേക്കുള്ള ദൂരം. പുതിയ റോഡ് വഴി യാത്ര ചെയ്താൽ അത് 30 മിനുട്ടായി കുറയും.
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന പ്രതിസന്ധി മേഖലയായ ഹോട്ട് സ്പ്രിങ്‌സ് ഏരിയയിലേക്കുള്ള ദൂരവും ഈ റോഡ് കുറയ്ക്കും. 2020 മുതൽ പ്രശ്‌നബാധിതമാണ് ഈ പ്രദേശം. ‘ലഡാഖ് കേന്ദ്രഭരണപ്രദേശത്തെ ലുകുങ്ങ് – ചാർസെ റോഡിലെ ലുകുങ്ങിലാണ് ഈ പുതിയ റോഡ് ആരംഭിക്കുക. 37.398 കിലോമീറ്ററിൽ റോഡ് അവസാനിക്കും. ലുകുങ്ങ് ഭാഗത്തു നിന്നും താങ്‌സെ – ലുകുങ്ങ് റോഡ് വഴി നിർമാണ പ്രവർത്തനങ്ങൾക്കായി ഈ പ്രദേശത്തെത്താം.’ കരാർ രേഖകളിൽ സൂചിപ്പിക്കുന്നു.
എൽഎസിയ്ക്ക് സമീപത്തുള്ള ഇത്തരം പ്രധാന പദ്ധതികളുടെ കാര്യത്തിൽ പാരിസ്ഥിതികാനുമതി ആവശ്യമില്ല എന്ന് 2020 കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. ‘നിലവിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ ചില ഉരസലുകളുണ്ട്. പരിഹരിച്ചില്ലെങ്കിൽ, അത് എപ്പോൾ വേണമെങ്കിലും പരിധിവിട്ടേക്കാം. അതിനാൽ, റോഡു നിർമാണം അത്യാവശ്യവും ഏറ്റവും പ്രധാനമായി കരുതി നടപ്പിൽ വരുത്തേണ്ടതുമാണ്.’ രേഖയിൽ പറയുന്നു.
എൽഎസിയ്ക്കു സമീപം ലഡാഖിൽ രണ്ട് പ്രധാന പദ്ധതികൾ കൂടെ രാജ്യം ആസൂത്രണം ചെയ്യുന്നുണ്ട്. ചുഷുൽ – ദുങ്തി – ഫുക്‌ചെ – ദെംചോക്ക് വഴിയുള്ള 145 കിലോമീറ്റർ നീളുന്ന റോഡാണ് അതിലൊന്ന്. ന്യോമയിലെ ഏറ്റവും ഉയരത്തിലുള്ള എയർഫീൽഡാണ് മറ്റൊരു പ്രധാന പദ്ധതി. അതിർത്തിയിൽ ചൈനയുട ഭാഗത്തായി ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കുള്ള മറുപടിയായിരിക്കും ഈ പുതിയ പദ്ധതികൾ.
ലോകത്തിലെ ഏറ്റവും വലിയ എയർഫീൽഡാണ് ന്യോമയിൽ വരാൻ പോകുന്നതെന്നും, അതിന്റെ നിർമാണപ്രവർത്തങ്ങൾ എത്രയും പെട്ടന്ന് ആരംഭിക്കുമെന്നും ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഡയറക്ടർ രാജീവ് ചൗധരി ന്യൂസ് 18നോട് പറഞ്ഞു. യുദ്ധവിമാനങ്ങൾ പറത്താൻ കെൽപ്പുള്ളതായിരിക്കും ന്യോമയിലെ എയർഫീൽഡ്. ചുഷുൽ – ദെംചോക്ക് റോഡും രാജ്യത്തെ സംബന്ധിച്ച് തന്ത്രപ്രധാനമാണെന്നും, എൽഎസിയോട് തൊട്ടു ചേർന്നു പോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.