ദുബായ് : ബലിപെരുന്നാൾ, വേനലവധി മുൻനിർത്തി വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രാ ബുക്കിംഗിൽ വർധന. കുടുംബസമേതം അയൽ രാജ്യങ്ങളിലേക്കും മറ്റും പോകുന്നവരുടെ എണ്ണം കൂടിയത് ട്രാവൽ, ടൂറിസം മേഖലക്ക് വലിയ ഉണർവായി. ദുബൈയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ടൂർ പോകുന്ന കുടുംബങ്ങളുടെ എണ്ണം റിക്കാർഡ് ഭേദിച്ചതായാണ് ട്രാവൽ, ടൂറിസം കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. തുർക്കിയിലേക്കാണ് കൂടുതൽ തിരക്ക്. ഇസ്തംബുൾ ഉൾപ്പെടെ തുർക്കി നഗരങ്ങളിൽ മൂന്നു നാൾ മുതൽ ഒരാഴ്ച വരെ ചെലവിടാനാണ് പലരും ഒരുങ്ങുന്നതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
ഗൾഫ് മേഖലയിൽ ഒമാനിലെ സലാലയാണ് ഏറ്റവും കൂടുതൽ പേരെ ആകർഷിക്കുന്ന കേന്ദ്രം. കാലവർഷം വിരുന്നെത്താനിരിക്കെ, ഗൾഫിലെ കൊടും ചൂടിൽ നിന്ന് രക്ഷ തേടാനും സലാല യാത്രയിലൂടെ സാധിക്കും. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും പെരുന്നാൾ ഭാഗമായി യാത്രക്കൊരുങ്ങുന്നവവർ നിരവധിയാണ്. താജികിസ്താൻ, ഉസ്ബെകിസ്താൻ, ജോർജിയ എന്നിവിടങ്ങളിലേക്കും നിരവധി പേർ ബുക് ചെയ്തിട്ടുണ്ട്. ബലി പെരുന്നാൾ മുൻനിർത്തി ഒരാഴ്ച വരെ അവധി ലഭിക്കും എന്ന കണക്കുകൂട്ടലിൽ ആണ് പ്രവാസി കുടുംബങ്ങൾ. നാട്ടിലേക്കുള്ള വൻനിരക്കുവർധന കാരണം യാത്ര ഉപേക്ഷിച്ച കുടുംബങ്ങൾ പെരുന്നാൾ അവധി മറ്റെവിടെയെങ്കിലും ചെലവിടാനുള്ള തീരുമാനവും ട്രാവൽ, ടൂറിസം മേഖലക്ക് ഗുണം ചെയ്യും.