മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ പറ്റിയ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മസ്കത്ത്. അന്താരാഷ്ട്ര ജീവനക്കാര്‍ക്കുള്ള മെഴ്‌സറിന്റെ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിംഗിലാണ് മസ്‌കത്ത് ഒന്നാമതെത്തിയത്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 227 നഗരങ്ങളെയാണ് അമേരിക്കന്‍ കണ്‍സള്‍ട്ടിങ് കമ്പനിയായ മെഴ്‌സര്‍ റാങ്കിങ്ങിൽ ഉള്‍പ്പെടുത്തിയത്.
താമസം, ഗതാഗതം, ഭക്ഷണം, വസ്ത്രം, ഗാര്‍ഹിക വസ്തുക്കള്‍, വിനോദം അടക്കം ഓരോ സ്ഥലത്തെയും 200 ഇനങ്ങളിലെ ചെലവിനെ താരതമ്യം ചെയ്തിട്ടാണ് പട്ടിക തയ്യാറാക്കയിയിരിക്കുന്നത്. കുവൈത്ത് തലസ്ഥാനമായ കുവൈത്ത് സിറ്റിയും മസ്‌കത്തിനൊപ്പം പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ജീവിതച്ചെലവിന്റെ കാര്യത്തില്‍ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 130ാം സ്ഥാനത്താണ് മസ്‌കത്തുള്ളത്.
പ്രവാസി ജീവനക്കാര്‍ക്ക് മിഡില്‍ ഈസ്റ്റില്‍ ഏറ്റവും ചെലവ് കൂടിയ നഗരം ഇസ്രായേലിലെ ടെല്‍ അവീവാണ്. അബുദബിയും ദുബൈയുമാണ് പിന്നീട് മേഖലയില്‍ ഏറ്റവും ചെലവേറിയ നഗരം. യഥാക്രമം 18, 43 സ്ഥാനങ്ങളാണ് ഈ നഗരങ്ങള്‍ക്കുള്ളത്. ലോകത്ത് ഏറ്റവും ചെലവേറിയ നഗരം ഹോങ്ക്‌കോംഗാണ്. സിംഗപ്പൂര്‍, സൂറിച്ച് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.