തിരുവനന്തപുരം: പുനർജനി ഭവനപദ്ധതിയുടെപേരിൽ വിദേശരാജ്യങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയതിൽ നിയമലംഘനമുണ്ടെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലൻസിന്റെ പ്രാഥമികാന്വേഷണം. ചാലക്കുടിയിലെ കാതികൂടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജെയ്‌സൺ പാനിക്കുളങ്ങരയാണ് മുഖ്യമന്ത്രിക്ക് പരാതിനൽകിയത്.
ഇതിൽ വിശദമായ അന്വേഷണം വേണമെന്ന വിജിലൻസിന്റെ ആവശ്യപ്രകാരമാണ് പ്രാഥമികാന്വേഷണത്തിന് സർക്കാർ അനുമതിനൽകിയത്. വിജിലൻസിന്റെ എറണാകുളം യൂണിറ്റാകും പ്രാഥമികാന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തദിവസമിറങ്ങും. വിദേശത്ത് നടത്തിയ പണപ്പിരിവ്, തുക ചെലവഴിച്ചത്, ഇതിന്റെ കണക്ക് തുടങ്ങിയവ അന്വേഷിക്കും.
പ്രതിപക്ഷ നേതാവിനെതിരേയുള്ള അന്വേഷണത്തിന് സർക്കാർ നിയമോപദേശം തേടിയിരുന്നു. എം.എൽ.എ.മാർ മണ്ഡലത്തിൽ ചെയ്യുന്ന കാര്യങ്ങൾ അന്വേഷിക്കുന്നതിന് അവരെ നിയമിച്ചവരുടെ അനുമതിവേണ്ടെന്ന സുപ്രീംകോടതി വിധിയുള്ളതിനാൽ അന്വേഷണത്തിന് സ്പീക്കറിൽനിന്ന് അനുമതിവേണ്ടെന്നായിരുന്നു നിയമോപദേശം.