ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ സർക്കാർ പോര് കനക്കുന്നു. സർക്കാർ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന തമിഴ്നാട് ഗവർണർ ആർ.എൻ രവിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദദാന ചടങ്ങ് നടത്താൻ ഗവർണർ അനുവദിക്കുന്നില്ലെന്നും പത്തുലക്ഷത്തോളം വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ അണ്ണാ യൂണിവേഴ്സിറ്റി ഒഴികെയുള്ള 12 സർവകലാശാലകളിൽ ബിരുദദാന ചടങ്ങ് നടക്കാത്തതിനാൽ വിദ്യാർഥികൾ ദുരിതത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഏറ്റവും കൂടുതൽ മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെയാണിത്. ഇതിനെതിരെ ഉന്നത വിദ്യഭ്യാസ മന്ത്രി കെ.പൊൻമുടി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിയ്ക്കാൻ വേണ്ടിയാണ് ചടങ്ങ് വൈകിപ്പിയ്ക്കുന്നതെന്ന് പൊൻമുടി ആരോപിച്ചു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവർണർ മൂലം പത്തുലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
സർക്കാർ വിരുദ്ധ സമീപനം വെച്ച് പുലർത്തുന്ന ഗവർണർ ബില്ലുകൾ ആകാരണമായി വൈകിപ്പിക്കുകയാണ്. അതിനാൽ കോടതിയെ സമീപിക്കുകയാണെന്നും, നിയമവശങ്ങൾ പരിശോധിച്ചു വരികയാണെന്നും സ്റ്റാലിൽ പറഞ്ഞു. ഗവർണർക്കെതിരെ, രണ്ടു തവണ തമിഴ്നാട് സർക്കാർ പ്രമേയം പാസാക്കിയിരുന്നു. മാത്രവുമല്ല, രാഷ്ട്രപതിയ്ക്ക് നിവേദനവും നൽകി. നടപടിയില്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.