ഓസ്ലോ: കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക യൂറോപ്പിലുമെത്തി. അമേരിക്കയിലും മറ്റുമായി 75 മില്യണ്‍ ആളുകളെ ആശങ്കയിലാക്കിയതിന് പിന്നാലെയാണ് കാനഡയില്‍ നിന്നുള്ള പുക നോര്‍വ്വെയിലുമെത്തിയത്. കാനഡയില്‍ നിന്നുയര്‍ന്ന് ഗ്രീന്‍ലാന്‍ഡിനെ മൂടിയ ശേഷം ഐസ്ലാന്‍ഡ് കടന്നാണ് പുകപടലം യൂറോപ്യന്‍ രാജ്യമായ നോര്‍വ്വെയിലെത്തിയത്. നോര്‍വ്വെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞരാണ് കനേഡിയന്‍ കാട്ടുതീയുടെ പുകയുടെ സാന്നിധ്യം കണ്ടെത്തിയത്.
പുകയുടെ മണം തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും അമേരിക്കയെ വലച്ചത് പോലെ നോര്‍വ്വേയെ ബുദ്ധിമുട്ടിലാക്കില്ലെന്നാണ് നിരീക്ഷണം. ആളുകളുടെ ആരോഗ്യത്തെ പുക ബാധിക്കില്ലെന്നാണ് എന്‍ഐഎല്‍യുവിലെ വിദഗ്ധനായ നിക്കോളാസ് ജവാന്‍ജെലിയു വിശദമാക്കുന്നത്. ഇത്രയധികം ദൂരം താണ്ടി എത്തുന്നതിനാല്‍ പുകയില്‍ മലിനീകരണ തോത് വളരെ കുറവാണെന്നാണ് നിരീക്ഷണം. അടുത്ത ദിവസങ്ങളില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും പുക എത്താനാണ് സാധ്യതയെന്നാണ് നിക്കോളാസ് മാധ്യമങ്ങളോട് വിശദമാക്കുന്നത്.
എന്നാല്‍ മിക്കയിടങ്ങളിലും പുക മൂലം മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നാണ് നിരീക്ഷണം. കാട്ടുതീയുടെ പുക വലിയ ദൂരങ്ങള്‍ പിന്നിടുന്നത് അസാധാരണമല്ല. 2020ല്‍ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയുടെ പുക ആര്‍ട്ടിക് മേഖലയിലടക്കം എത്തിയിരുന്നു. ന്യൂയോർക്ക് നഗരം പുകയില്‍ മൂടിയ അവസ്ഥയിലാണുള്ളത്. ന്യൂയോര്‍ക്കില്‍ എൻ 95 മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.