തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ നേതാവിനെ തിരുകിക്കയറ്റിയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്നും പിഴ ഈടാക്കാൻ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. 1,55,938 രൂപയാണ് കോളേജിൽ നിന്നും ഈടാക്കുക. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ തിരിമറി നടന്നതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി സെനറ്റ് തിരിഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. ഇത്തരത്തിൽ സർവകലാശാലയ്‌ക്ക് നഷ്ടം സംഭവിച്ച തുകയാണ് പിഴയായി ഈടാക്കുന്നത്.
അതേസമയം മറ്റ് കോളേജുകളിൽ യൂണിവേഴ്‌സിറ്റി നടത്തിയ പരിശോധനയിൽ 36 കൗൺസിലർമാർ നിശ്ചിത പ്രായപരിധി കഴിഞ്ഞവരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ അയോഗ്യരാക്കി, വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി സിൻഡിക്കേറ്റ് അറിയിച്ചു. മുപ്പതോളം കോളേജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്‌സിറ്റിയെ അറിയിച്ചിട്ടില്ല. ആ കോളേജുകളിൽ ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മൂന്നുവർഷം മുൻപ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരിമറി നടത്തി വിജയിച്ച 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. അനർഹമായി നൽകിയ ഗ്രേസ് മാർക്ക് ഉൾപ്പടെ അറുന്നൂറോളം വിദ്യാർത്ഥികൾക്ക് കൂട്ടിനൽകിയ മാർക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.