ന്യൂഡൽഹി∙ ഒമ്പത് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ കടം ഏകദേശം മൂന്നു മടങ്ങ് വർധിച്ച് 155 ലക്ഷം കോടി രൂപയായെന്നു കോണ്‍ഗ്രസ്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു ധവളപത്രം ഇറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 2014ല്‍ ഇന്ത്യയുടെ കടം 55 ലക്ഷം കോടിയായിരുന്നു. എന്നാലതു നിലവിൽ 155 ലക്ഷം കോടിയായി. മോദി സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണു നിലവിലെ സാമ്പത്തികാവസ്ഥയുടെ കാരണമെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് കുറ്റപ്പെടുത്തി.
67 വർഷത്തിനിടെ 14 പ്രധാനമന്ത്രിമാരുടെ കീഴിൽ ഇന്ത്യയുടെ കടം 55 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ നരേന്ദ്ര മോദി 100 ലക്ഷം കോടി രൂപയായി ഇതു വർധിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച തകർക്കുകയും തൊഴിലില്ലായ്മ സൃഷ്ടിക്കുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്തതിനു പിന്നാലെ 100 ലക്ഷം കോടി രൂപയുടെ അധിക കടമാണു മോദി സർക്കാർ ഒറ്റയ്ക്കു സൃഷ്ടിച്ചതെന്നും പത്രസമ്മേളനത്തിൽ സുപ്രിയ കുറ്റപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മറ്റു രാഷ്ട്രീയ പാർട്ടികളിലുള്ളവരെ അഴിമതിക്കാരെന്നും കാര്യക്ഷമതയില്ലാത്തവരെന്നും മോദി കുറ്റപ്പെടുത്തുമായിരുന്നു. എന്നാലതു മറ്റാരേക്കാളും നന്നായി ഇന്നു മോദി സർക്കാരിന് യോജിക്കുമെന്നും സുപ്രിയ പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്തിന്റെ മൂന്ന് ശതമാനം കൈവശമുള്ള 50% ഇന്ത്യക്കാർ ജിഎസ്ടിയുടെ 64% അടച്ചു. രാജ്യത്തിന്റെ സമ്പത്തിന്റെ 80 ശതമാനവും കൈവശം വയ്ക്കുന്ന സമ്പന്നരായ 10% ജിഎസ്ടിയുടെ മൂന്ന് ശതമാനം മാത്രമാണു നൽകുന്നത്. ലോകത്തിലെ ഏറ്റവും ചെലവുകൂടിയ എൽപിജി സിലിണ്ടർ ഇന്ത്യയിലാണ്. ഉയർന്ന പെട്രോള്‍ വിലയിൽ മൂന്നാം സ്ഥാനവും ഡീസല്‍ വിലയിൽ എട്ടാം സ്ഥാനവും ഇന്ത്യയ്ക്കാണെന്നും സുപ്രിയ പരിഹസിച്ചു.
ഓരോ സെക്കൻഡിലും മോദി സർക്കാർ നാലുലക്ഷം രൂപയുടെ കടം വാങ്ങിയെന്നും ഈ കടത്തിന് 11 ലക്ഷം കോടി രൂപ വാർഷിക പലിശ സർക്കാർ അടയ്ക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.