ഒട്ടാവ: വൻ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ കാനഡ നീട്ടിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നടപടിക്രമങ്ങൾ നിർത്തിവെച്ചതായാണ് കാനഡ അധികൃതരുടെ വിശദീകരണം. ജൂൺ അഞ്ച് മുതൽ ടൊറന്റോയിൽ തുടങ്ങിയ പ്രതിഷേധം പഞ്ചാബുകാരനായ ലവ്പ്രീത് സിങ്ങിനെ നാടുകടത്താൻ കാനഡ അധികൃതർ നീക്കം തുടങ്ങിയതോടെയാണ് രൂക്ഷമായത്. വ്യാജരേഖകളുണ്ടാക്കി രാജ്യത്ത് പ്രവേശിച്ചതിന് 700-ഓളം വിദ്യാർഥികൾക്കാണ് രാജ്യം വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ആറു വർഷം മുമ്പ് സ്റ്റഡി പെർമിറ്റിൽ കാനഡയിലേക്ക് കടക്കാൻ ഉപയോഗിച്ച ഓഫർ ലെറ്റർ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജൂൺ 13-നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടാണ് കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) ലവ്പ്രീതിന് നോട്ടീസ് നൽകിയത്. 700 ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്തുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതായി ആം ആദ്മി പാർട്ടി എം.പി വിക്രംജിത് സിങ് സാഹ്നി വെള്ളിയാഴ്ച പറഞ്ഞിരുന്നു. ലോക പഞ്ചാബി ഓർഗനൈസേഷന്റെ അന്താരാഷ്ട പ്രസിഡന്റ് കൂടിയാണ് വിക്രംജിത് സിങ്.