കണ്ണൂർ: പതിനൊന്ന് വയസ്സുകാരനെ തെരുവ് നായ കടിച്ചു കൊന്നു. കണ്ണൂർ എടക്കാട് കെട്ടിനകം സ്വദേശി നിഹാൽ നൗഷാദാണ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. വൈകിട്ട് അഞ്ച് മണിക്ക് കുട്ടിയെ കാണാതാവുകയായിരുന്നു.
സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ. വീട്ടിൽ നിന്നും അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന് അനക്കമില്ലാത്ത നിലയിൽ കുട്ടി കിടക്കുന്നത് കണ്ടത്.
രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, തെരുവ് നായ ശല്യം തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് വന്നിട്ടുണ്ട്.