കൊച്ചി: വ്യാജസർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് തൃക്കരിപ്പൂർ സ്വദേശി കെ. വിദ്യ ഒളിവിലായി ആറു ദിവസമായിട്ടും ‘കണ്ടെത്താനാകാതെ’ പോലീസ്. മൊബൈൽ ടവർ ലൊക്കേഷൻ ഒടുവിൽ കാണിച്ചത് എറണാകുളത്തായിരുന്നെന്നും വിദ്യയുടെ രണ്ടുഫോണുകളും സ്വിച്ച് ഒാഫാണെന്നും പോലീസ് പറയുന്നു.
മുൻകൂർ ജാമ്യത്തിന് വിദ്യ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടി. ഇൗ മാസം 20-ന് ഹർജി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം അഗളി പോലീസ് മഹാരാജാസ് കോളേജിലെത്തി വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിളയുടെ മൊഴിയെടുത്തു. മുൻ വൈസ് പ്രിൻസിപ്പൽ ജയമോൾ, മലയാളം വിഭാഗം അധ്യാപകൻ എം.എസ്. മുരളി എന്നിവരുടെയും മൊഴി രേഖപ്പെടുത്തി.
വിദ്യ അഭിമുഖത്തിന് കാണിച്ച സർട്ടിഫിക്കറ്റ് മഹാരാജാസ് കോളേജിന്റേതല്ലെന്ന് ഡോ. ബിന്ദു ശർമിള മാധ്യമങ്ങളോട് പറഞ്ഞു. സർട്ടിഫിക്കറ്റിൽ ഉപയോഗിച്ച വാചകങ്ങൾ വ്യത്യസ്തമാണ്. സീലും മഹാരാജാസിന്റേതല്ല. ഒപ്പും കോളേജ് എംബ്ലവും വ്യാജമാണ്. മഹാരാജാസിലെ ഒരു അധികാരിയുടെയും സഹായം വിദ്യക്ക് ലഭിച്ചിട്ടില്ലെന്നും ഡോ. ബിന്ദു ശർമിള പറഞ്ഞു.