ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഡിഎംകെ വനിതാ നേതാവ് സുധാ ദീനദയാലനെതിരെ കേസെടുത്തു. എം.പി കനിമൊഴിയും ചെന്നൈ മേയര്‍ പ്രിയ രാജനും വേദിയിലിരിക്കെയാണ് അധിക്ഷേപ പ്രസംഗം നടത്തിയത്. പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പലതവണ ‘നായ’ എന്ന് വിളിച്ചായിരുന്നു അധിക്ഷേപം. സംഭവത്തില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഡിഎംകെ ഒക്ടോബര്‍ ഏഴിന് നടത്തിയ പരിപാടിയിലായിരുന്നു വനിതാ നേതാവിന്റെ വിവാദ പ്രസംഗം. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. വിജയിയെ നായ എന്ന് വിളിക്കുകയും മൃതദേഹവുമായി താരതമ്യം ചെയ്യുകയും ചെയ്തു. ടിവികെ സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങളെല്ലാം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. പലതവണ മുഖ്യമന്ത്രിയെ ‘നായ’ എന്ന് വിളിക്കുന്നത് വീഡിയോയില്‍ കാണാം. ഞങ്ങളുടെ സ്റ്റാലിന് 74 വയസുണ്ടെന്നും നിങ്ങളുടെ മുഖ്യമന്ത്രിക്ക് 54 വയസ് മാത്രമല്ലേയെന്നും, സ്റ്റാലിന്റെ അത്രയും അഴക് നിനക്കുണ്ടോയെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. അധിക്ഷേപ പരാമര്‍ശം കേട്ട് ചെന്നൈ മേയര്‍ പ്രിയ രാജന് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച ഡിഎംകെ നേതാവിനെതിരെയും ചെന്നൈ മേയര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ടിവികെ അണികള്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും, ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ മാപ്പര്‍ഹിക്കാത്ത തെറ്റ് തന്നെയാണെന്നും നടപടി സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു. പിന്നാലെയാണ് കേസെടുത്തത്.
Leave a Comment
Your comment will be visible after admin approval.