പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി അമേരിക്ക ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ഈ സന്ദർശനം ഇരുരാജ്യങ്ങളുടെയും 21-ാം നൂറ്റാണ്ടിലെ ബന്ധത്തെ നിർവചിക്കുന്ന ഒന്നായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ദേശീയ സുരക്ഷാ കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വൈറ്റ് ഹൗസ് കോർഡിനേറ്റർ ജാക്ക് കിർബിയും പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ചരിത്രമായി മാറുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും ബ്ലിങ്കെൻ പറഞ്ഞു.“ആരോഗ്യ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്ന പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള പ്രതിബദ്ധതയിൽ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഞങ്ങൾ മനസിലാക്കുന്നു. ആളുകൾക്കും ചരക്കുകൾക്കും ആശയങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഇന്തോ-പസഫിക് നിർമ്മിക്കുന്നതിന് ക്വാഡ് പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാൻ അമേരിക്ക പ്രതിജ്ഞാബന്ധരാണ്. കഴിഞ്ഞ രണ്ടര വർഷമായി ഈ വിഷയങ്ങളിൽ ഇന്ത്യയുടെ നേതൃത്വത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ വർഷത്തെ ജി 20ലെ ഇന്ത്യയുടെ ഇടപെടലും സംഘടന മികവും അതിന്റെ തെളിവാണ്” ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കാൻ വൈറ്റ് ഹൗസ് കാത്തിരിക്കുകയാണെന്ന് കിർബി പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി ഞങ്ങൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നിങ്ങൾക്കെല്ലാം അറിയാവുന്നത് പോലെ തന്നെ ഇന്ത്യയുമായി അമേരിക്കക്ക് കാര്യമായ പ്രതിരോധ പങ്കാളിത്തവും ക്വാഡിനുള്ളിൽ ഇൻഡോ-പസഫിക്കിലുടനീളം ഇന്ത്യയുമായി മികച്ച സഹകരണവുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയുമായി സംസാരിക്കാനുണ്ട്. ഞങ്ങൾ അദ്ദേഹത്തിന്റെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് എന്നായിരുന്നു കിർബിയുടെ പ്രതികരണം.
280ലധികം ആളുകളുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബാലസോർ ട്രെയിൻ അപകടത്തിന്റെ ഇരകളെ ബ്ലിങ്കെൻ അനുസ്മരിച്ചു. “ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് രാജ്യത്തിന്റെ പേരിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അപകടത്തിന് തൊട്ടുപിന്നാലെ എന്റെ സുഹൃത്ത് ഡോ. എസ് ജയശങ്കറുമായി സംസാരിക്കാൻ കഴിഞ്ഞെന്നും ബ്ലിങ്കെൻ പറഞ്ഞു.
അമേരിക്കൻ കോൺഗ്രസ്സിനെ രണ്ടുതവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ നേതാവായി മോദി മാറുമെന്നതിന്റെ ആവേശത്തിലാണെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞു. പ്രസിഡന്റ് ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിന് ഇനി ഒരാഴ്ച മാത്രമേയുള്ളൂ. ഇരുഭാഗത്തും വലിയ ആവേശമാണ്. സ്വതന്ത്ര ചരിത്രത്തിൽ യുഎസ് കോൺഗ്രസിനെ രണ്ടുതവണ അഭിസംബോധന ചെയ്യുന്ന ഏക ഇന്ത്യൻ നേതാവായി മോദി മാറുമെന്നും സന്ധു പറഞ്ഞു.