ബ്രിസ്‌ബേൺ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രിസ്‌ബേൺ മേഖലയിലെ രണ്ടാമത്തേതും, പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിൽ ഓസ്‌ട്രേലിയയിൽ തന്നെ ആദ്യം സ്ഥാപിതവുമായ. സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവക പെരുന്നാൾ ഭക്ത്യാദരപൂർവ്വം അടുത്ത മാസം 1,2 തീയതികളിലായി കൊണ്ടാടപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജൂൺ മാസം 25 ന് വി.കുർബ്ബാനയ്ക്ക് ശേഷം പെരുന്നാൾ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ചെറിയാൻ വർഗീസ് (ഷിനു അച്ചൻ ) നിർവ്വഹിക്കും. ജൂലായ് ഒന്നിന് വൈകുന്നേരം സന്ധ്യാ നമസ്ക്കാരവും രണ്ടിന് രാവിലെ വി.കുർബ്ബാനയും,റാസയും, പൊതുസമ്മേളനവും നേർച്ചവിളമ്പും ഉണ്ടായിരിക്കും. ഫാ. തോമസ് വർഗീസ് (സജി അച്ചൻ ) കോർ-എപ്പിസ്‌കോപ്പ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
പെരുന്നാൾ ദിവസം തന്നെ ഇടവകയുടെ ആദ്യ ഫല ലേലവും നടക്കും. ഇടവകയുടെ പ്രഥമ വികാരിയും ഓസ്‌ട്രേലിയയിലെ സീനിയർ വൈദികനും, ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ പ്രഥമ കോർ-എപ്പിസ്കോപ്പയുമായ റവ. തോമസ് വർഗ്ഗീസ് (സജി അച്ചൻ ) കോർ-എപ്പിസ്‌കോപ്പയ്ക്ക് സ്വീകരണവും നൽകും. ബ്രിസ്‌ബേൺ പ്രദേശവാസികളായ എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ പെരുന്നാൾ ശുശ്രൂഷകൾക്കും പൊതുസമ്മേളനത്തിനും , ആദ്യഫലലേലത്തിനും ഉണ്ടായിരിക്കണമെന്ന് ഇടവകയ്ക്കുവേണ്ടി.വികാരി റവ. ഫാ. ചെറിയാൻ വർഗ്ഗീസ്, ട്രസ്റ്റി ആൽവിൻ രാജ്, സെക്രട്ടറി ജിലോ ജോസ്, പെരുന്നാൾ കൺവീനർമാരായ ഏലീസബെത്ത് ഷോജി, അനീഷ് ജോയ് എന്നിവർ അറിയിച്ചു.