വിസാ നടപടികൾ കൂടുതൽ ഉദാരമാക്കി സൗദി അറേബ്യ. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ വിസയുള്ളവർക്ക് സൗദിയിൽ അതിവേഗ ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കും. ഈ രാജ്യങ്ങളുടെ വിസിറ്റ്, ടൂറിസ്റ്റ്, വാണിജ്യ, റെസിഡൻറ് വിസയുള്ളവർക്കെല്ലാം ആനുകൂല്യം ലഭിക്കും സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.
ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിസിറ്റ് വിസയുള്ളവർക്കും ഷെങ്കൻ വിസയുള്ളവർക്കും ഈ രാജ്യങ്ങളിലിലെ റെസിഡൻറ് വിസയുള്ളവർക്കും സൗദിയിലേക്കു അതിവേഗ ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങളുടെ സാധുവായ ടൂറിസ്റ്റ് വിസയോ വാണിജ്യ വിസയോ ഉള്ളവർ ഒരു തവണയെങ്കിലും ആ രാജ്യം സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഈ ആനുകൂല്യം ലഭിക്കും.
വിസ അപേക്ഷകൻറെ ഫസ്റ്റ് ഡിഗ്രീ ബന്ധുക്കൾക്കും ഇതോടൊപ്പം ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളും സന്ദർശകരും തിരിച്ചറിയൽ രേഖ എല്ലാ സമയവും കൈവശം വെക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. റെസിഡൻറ് ഐഡിയോ വിസയോ പാസ്പ്പോർട്ടോ ആണ് കൈവശം വെക്കേണ്ടത്. ഇലക്ട്രോണിക് വിസിറ്റ് വിസ വഴി സൗദി സന്ദർശിക്കുന്നവർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ഇവെന്റുകളിലും കോൺഫറൻസുകളിലും പങ്കെടുക്കാനും ഹജ്ജ് സീസൺ അല്ലാത്ത സമയത്ത് ഉംറ നിർവഹിക്കാനും അനുമതിയുണ്ട്.