തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാഹുലിനെ എതിർക്കുന്ന ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗവും പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ നൽകുന്നുണ്ട്.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ലഭിക്കുന്ന വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്‍റുമാരേയും നിശ്ചയിക്കുന്നത്. എസ്.ജി അനീഷ്, വിഷ്ണു സുനിൽ,ദുൽഖിഫിൽ എന്നിവർ ഇത്തരത്തിൽ എ ഗ്രൂപ്പിൽ നിന്ന് തന്നെ മത്സര രംഗത്ത് എത്തും. കൊടിക്കുന്നിൽ സുരേഷിന്റെ പിന്തുണയോടെ അനു താജും നോമിനേഷൻ നൽകിയിട്ടുണ്ട്. ഐ ഗ്രൂപ്പിൽ നിന്ന് അബിൻ വർക്കി, കെ സി വേണുഗോപാൽ പക്ഷത്ത് നിന്ന് ബിനു ചുളിയിൽ എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പോരിന് ഇറങ്ങും.
മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാവും യൂത്തുകോണ്‍ഗ്രസ് പുനസംഘടനയില്‍ തെളിഞ്ഞുകാണുക. പുതിയ സാഹചര്യത്തില്‍, മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ആര്‍ക്ക് വിജയമെന്നത് പ്രവചിക്കുകയും പ്രയാസമാണ്.