കുണ്ടറ: ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കുണ്ടറ സബ് രജിസ്ട്രാറെയും ജീവനക്കാരനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. സബ് രജിസ്ട്രാര്‍ റീന, ഓഫീസ് അറ്റന്‍ഡന്റ് സുരേഷ് കുമാര്‍ എന്നിവരാണ് ആധാരം രജിസ്റ്റര്‍ ചെയ്യാനെത്തിയ ആളില്‍നിന്ന് 4,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
കുണ്ടറ സ്വദേശിയായ ആധാരം എഴുത്തുകാരനാണ് വിജിലന്‍സില്‍ പരാതിപ്പെട്ടത്. മൂന്ന് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാരന്‍ സബ് രജിസ്ട്രാറെ സമീപിച്ചിരുന്നു.
ഇതില്‍ ഒരു പ്രമാണത്തില്‍ തെറ്റ് കണ്ടെത്തിയ സബ് രജിസ്ട്രാര്‍, ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സുരേഷ്‌കുമാര്‍ പറയുന്നതുപോലെ ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഓരോ പ്രമാണവും രജിസ്റ്റര്‍ ചെയ്യുന്നതിന് 1,500 രൂപവീതം നല്‍കണമെന്ന് സുരേഷ് കുമാര്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു.
കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന്‍ വിജിലന്‍സ് തെക്കന്‍മേഖലാ എസ്.പി. ജയശങ്കറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി. അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെണിയൊരുക്കിയത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോഡ് റൂമില്‍ െവച്ച് 4,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെയും തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ റീനയെയും വിജിലന്‍സ് അറസ്റ്റുചെയ്തു. പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇന്‍സ്‌പെക്ടര്‍മാരായ ജോഷി, അബ്ദുള്‍ റഹ്‌മാന്‍, ജയകുമാര്‍, ജസ്റ്റിന്‍ ജോണ്‍, എസ്.ഐ. സുനില്‍കുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.