മസ്കത്ത്: ഏഷ്യാനെറ്റ് ന്യൂസ് എജ്യുക്കേഷനൽ എക്സലന്‍സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് സീനിയര്‍ പ്രിൻസിപ്പല്‍ എം.പി വിനോബയ്ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. അവാര്‍ഡുകൾ വെള്ളിയാഴ്ച മസ്കറ്റിൽ സമ്മാനിക്കും.
ഒമാനിലെ വിദ്യാഭ്യാസ മേഖലയില്‍ നിസ്തുല സേവനം കാഴ്ച വച്ച ഇന്ത്യൻ അധ്യാപകര്‍ക്ക് ആദരമൊരുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഒമാനിലെ വിവിധ സ്കൂളുകളില്‍ നിന്ന് ലഭിച്ച നൂറു കണക്കിന് നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസ കൗണസില്‍ മുന്‍ ചെയര്‍മാനും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ ടി.പി.ശ്രീനിവാസൻ അധ്യക്ഷനായ നാലംഗ ജൂറി വിജയികളെ നിശ്ചയിച്ചത്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ഒമാനിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവനകൾ കണക്കിലെടുത്താണ് എംപി വിനോബയെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ഡോ. ഷെറിമോൻ പി.സിയ്ക്ക് മികച്ച കോളജ് അധ്യാപകനുള്ള പുരസ്കാരം സമ്മാനിക്കും. വില്യം ഡൊണാൾഡ് സീമന്തിയാണ് സ്കൂൾ അധ്യാപകര്‍ക്കുള്ള എഡ്യുക്കേഷനൽ എക്സലന്‍സ് പുരസ്കാരം നേടിയത്. അഞ്ജലി രാധാകൃഷ്ണന്‍ മികച്ച കിന്റര്‍ഗാര്‍ട്ടൻ അധ്യാപികയായും തിരഞ്ഞെടുക്കപ്പെട്ടു. സുധീര്‍ സിപി, അവ്നി മിഹിര്‍ ഗാന്ധി എന്നിവര്‍ക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരവും ലഭിക്കും. പല വിഭാഗങ്ങളിലും ശക്തമായ മത്സരമായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
എംജി സര്‍വകലാശാല മുൻ വൈസ് ചാൻസലര്‍ ജാൻസി ജെയിംസ്, എംപി രാജൻ, മാണി ജോസഫ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. വെള്ളിയാഴ്ച മസ്കത്ത് ഷെറാട്ടൺ ഹോട്ടലിലാണ് പുരസ്കാരദാന ചടങ്ങ്. മുൻ ഇന്ത്യൻ സ്ഥാനപതി ടി.പി ശ്രീനിവാസൻ, സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടര്‍ അലി സൗദ് അൽ ബിമാനി, ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് ചെയര്‍മാൻ ഫൈസൽ അബ്ദുല്ല അൽ റോവാസ്, ഒമാനിലെ ഇന്ത്യൻ സ്കൂൾസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്യം തുടങ്ങിയവര്‍ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കും.