തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വീണ്ടും പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. പൊലീസ് വെറുതെ കേസ് എടുക്കുകയില്ലെന്ന് മന്ത്രി പറഞ്ഞു. വാർത്തയുടെ പേരിൽ അല്ല കേസ്. കുറ്റകരമായ എന്തെങ്കിലും ഉണ്ടാകും. കേസ് എടുത്തത് പൊലീസ് ആണ്. പൊലീസിനോട് ചോദിക്കണം. കേസെടുത്തത് താൻ അല്ല, തൻ്റെ പരാതിയിലും അല്ല. പൊലീസിനെ നയിക്കുന്ന വകുപ്പ് വേറെ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ ഗൂഢാലോചന വാദം ആവർത്തിക്കുകയാണ് മന്ത്രി.
മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്ന പി.എം.ആർഷോയുടെ വാദത്തിൽ നിലവിൽ തെളിവുകളില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പ്രശ്നമാണെന്നും ആർഷോ മാത്രമല്ല പരീക്ഷയെഴുതാത്ത മറ്റു ചില വിദ്യാർഥികൾക്കും സമാനഅനുഭവം ഉണ്ടായി എന്നുമാണ് പ്രിൻസിപ്പലിന്‍റെ മൊഴി. പരീക്ഷാ നടപടികളുടെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താനാണ് നിലവിൽ പൊലീസ് ശ്രമം.