തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച രോഗികൾക്ക് നൽകുന്ന മരുന്ന് മാറ്റി പുതിയത് വാങ്ങാൻ തീരുമാനമെടുത്തത് എൽഡിഎഫ് കാലത്താണെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയുന്നു. പുതിയ മരുന്ന് വാങ്ങാനുള്ള ഉത്തരവ് ഇറക്കിയത് ജൂലൈ അഞ്ചിനാണ്. യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടുമാസം ആയപ്പോഴാണ് ഉത്തരവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ടെൻഡർ ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഒക്ടോബറിൽ ആണെന്നും രേഖകളിൽ ഉണ്ട്.
എന്നാൽ എസ്‌എംഎ രോഗബാധിതർക്കുള്ള മരുന്ന് മാറ്റണമെന്ന് രക്ഷിതാക്കൾ തന്നോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. വിദ്ഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് നിലവിൽ ഇന്ത്യൻ നിർമിത മരുന്ന് നൽകിവരുന്നത്. മരുന്നിന്റെ ഗുണമേന്മയെക്കുറിച്ച് ഇതുവരെ യാതൊരുവിധ ആക്ഷേപങ്ങളും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നിർമിത മരുന്നുകളേക്കാൾ കൂടുതൽ വിദേശ നിർമിത മരുന്നുകളോടാണ് പലർക്കും വിശ്വാസമെന്ന പ്രവണതയുണ്ട്. എന്നാൽ ഗുണമേന്മയുടെ കാര്യത്തിൽ സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇന്ത്യൻ നിർമിത മരുന്നും വിദേശ മരുന്നും തമ്മിൽ ലക്ഷങ്ങളുടെ വിലവ്യത്യാസമാണുള്ളത്. ഗുണമേന്മയുള്ളതും വിലകുറഞ്ഞതുമായ മരുന്നുകൾ ലഭ്യമാക്കുകയാണെങ്കിൽ കൂടുതൽ കുട്ടികൾക്ക് അത് നൽകാൻ സാധിക്കും. ഇതാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.