ചെന്നൈ: കൈക്കൂലി കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയ്ക്ക് താത്ക്കാലിക ആശ്വാസം. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന അദ്ദേഹത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.
ചെന്നൈ ഓമന്തുരാർ ഗവ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രി നിലവിൽ തുടരുന്നത്. ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആശുപത്രി മാറ്റം ആവശ്യപ്പെട്ട് മന്ത്രിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിൽമേലായിരുന്നു കോടതി ഉത്തരവുണ്ടായത്. സെന്തിൽ ബാലാജിയുടെ ഹൃദയ ധമനികളിൽ രണ്ടിടത്ത് ബ്ളോക്കുണ്ടെന്നും അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നുമുള്ള ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. സർക്കാർ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് വിശ്വാസ്യ യോഗ്യമല്ലെന്ന് ഇ ഡി വാദിച്ചെങ്കിലും കോടതി സെന്തിൽ ബാലാജിയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മന്ത്രിയെ ഇ ഡിയ്ക്ക് താത്പര്യമുള്ള ഡോക്ടർമാരെക്കൊണ്ട് പരിശോധന നടത്താമെന്നും കോടതി അറിയിച്ചു.അതേസമയം സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹം ചുമതല വഹിച്ചിരുന്ന വകുപ്പുകൾ വീതിച്ച് നൽകി.
വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും, എക്‌സൈസ് വകുപ്പ് ഭവനമന്ത്രി മുത്തിസ്വാമിക്കുമാണ് കൈമാറിയത്.എഡിഎംകെ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബുധനാഴ്ച രാത്രിയാണ് ഇ ഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് മന്ത്രിയെ റിമാൻഡ് ചെയ്തത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കമുള്ളവർ ബാലാജിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.