ന്യൂഡല്‍ഹി: യുഎസ് നിര്‍മിത സായുധ ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി. ജനറല്‍ അറ്റോമിക്‌സ് നിര്‍മിച്ച 31 MQ-9B സീഗാര്‍ഡിയന്‍ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്. ഡ്രോണുകള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍(ഏകദേശം 25,000 കോടി രൂപ) വിലവരും. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശനത്തിനായി തിരിക്കാനിരിക്കെയാണ് ഡ്രോണുകള്‍ വാങ്ങാനുള്ള അനുമതിക്കായുള്ള പ്രാഥമിക നടപടി പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ അടുത്ത ആഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെക്കുമെന്ന് മന്ത്രാലയത്തോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്നുള്ളത്. പ്രതിരോധ സാങ്കേതികവിദ്യയില്‍ ഇന്ത്യയുമായി സഹവര്‍ത്തിത്വത്തിനുള്ള സന്നദ്ധത യുഎസ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രാഥമിക അനുമതി ലഭിച്ച ശേഷം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ഇക്കാര്യത്തില്‍ ലഭിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് 30 ഡ്രോണുകള്‍ നല്‍കാനുള്ള അനുമതി രണ്ട് കൊല്ലം മുമ്പ് തന്നെ യുഎസ് നല്‍കിയിരുന്നു. എന്നാല്‍ പ്രതിരോധമന്താലയത്തിന്റെ തീരുമാനം വൈകുകയായിരുന്നു.