Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യ-മ്യാൻമാർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ വരുന്നു; നാല് വർഷത്തിനുള്ളിൽ പൂർത്തിയായേക്കും

ഇന്ത്യ-മ്യാൻമാർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേ വരുന്നു; നാല് വർഷത്തിനുള്ളിൽ പൂർത്തിയായേക്കും

ഇന്ത്യയിൽ നിന്ന് മ്യാൻമാർ വഴി തായ്‌ലൻഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ സജ്ജമാകും. ഒന്നിലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി, ഗതാഗതത്തിനും വ്യാപാരത്തിനും മുതൽക്കൂട്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളിലുടനീളമുള്ള തടസ്സമില്ലാത്ത യാത്രയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ ഹൈവേ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ രാജ്യങ്ങൾ വ്യക്തമാക്കി.

ഏകദേശം 1,360 കി.മീ (850 മൈൽ) ദൈർഘ്യമുള്ള നാലുവരി പാതയായിരിക്കും ഇത്. ഈ പദ്ധതി ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി കരമാർഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ തടസമില്ലാത്ത ഗതാഗതത്തിനും ഈ മേഖലയിലെ വ്യാപാരവും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ അവസരങ്ങൾ തുറക്കും.

2002 ഏപ്രിലിൽ യാങ്കൂണിൽ നടന്ന മന്ത്രിതല യോഗത്തിലാണ് ത്രിരാഷ്ട്ര ഹൈവേ എന്ന ആശയം രൂപപ്പെട്ടത്. ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ശ്രമത്തെയാണ് പദ്ധതി പ്രതിനിധീകരിക്കുന്നത്.

ഒരു ചരിത്ര പുനർനിർമ്മാണം:

ഗ്രാൻഡ് ട്രങ്ക് റോഡിന് നൂറ്റാണ്ടുകളുടെ സമ്പന്നമായ ഒരു ചരിത്രമുണ്ട്. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും നീളമേറിയതുമായ റോഡുകളിൽ ഒന്നാണ് ഗ്രാൻഡ് ട്രങ്ക് റോഡ്. ഉത്തരപഥ് എന്നറിയപ്പെട്ടിരുന്ന ഗ്രാൻഡ് ട്രങ്ക് റോഡ്, പുരാതന കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന വ്യാപാര പാതയായിരുന്നു. ആ ചരിത്രത്തിൻ്റെ പുനഃനിർമ്മാണമാണ് ഈ ത്രിരാഷ്ട്ര ഹൈവേ.

ബിസി മൂന്നാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തിയുടെ കാലത്ത് മൗര്യ സാമ്രാജ്യമാണ് ഇത് യഥാർത്ഥത്തിൽ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന കാലത്ത്, ഗ്രാൻഡ് ട്രങ്ക് റോഡ് വ്യാപാരത്തിനും സാംസ്കാരിക വിനിമയത്തിനും ഒരു സുപ്രധാന കണ്ണിയായിരുന്നു. വിവിധ പ്രദേശങ്ങൾക്കിടയിൽ പട്ട്, സുഗന്ധദ്രവ്യങ്ങൾ, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ ചരക്കുകൾ കൊണ്ടുപോകാൻ വ്യാപാരികൾ ആശ്രയിച്ചിരുന്നത് ഈ പാതയാണ്. വൈവിധ്യമാർന്ന സംസ്കാരങ്ങളെയും നാഗരികതകളെയും ബന്ധിപ്പിക്കുന്നതിലും ഈ റോഡ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബുദ്ധമതം, ഇസ്ലാം തുടങ്ങിയ മതങ്ങളുടെ വ്യാപനത്തിലും ഗ്രാൻഡ് ട്രങ്ക് റോഡിന് വലിയ പങ്കുണ്ട്. നിരവധി പുരാതന ബുദ്ധ വിഹാരങ്ങളും ഇസ്ലാമിക സ്മാരകങ്ങളും പാതയോരത്ത് നിർമ്മിക്കപ്പെട്ടു, ഇത് പിന്നീട് പഠനത്തിന്റെയും ആരാധനയുടെയും പ്രധാന കേന്ദ്രങ്ങളായി മാറി. കൊളോണിയൽ കാലഘട്ടത്തിൽ, ഗ്രാൻഡ് ട്രങ്ക് റോഡിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ, മെച്ചപ്പെട്ട ഗതാഗതവും ഭരണനിർവഹണവും സുഗമമാക്കുന്നതിന് പാലങ്ങളും വിശ്രമകേന്ദ്രങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി റോഡ് നവീകരിച്ചു.

കൽക്കട്ട, ഡൽഹി, ലാഹോർ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് അത്യന്താപേക്ഷിതമായി മാറി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കടന്നുപോകുന്ന ഈ റോഡ് 2,500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. 1947-ലെ ഇന്ത്യാ വിഭജനത്തിനു ശേഷം ഗ്രാൻഡ് ട്രങ്ക് റോഡ് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ വിഭജിക്കപ്പെട്ടു. ചുരുക്കത്തിൽ ഉത്തരപഥിന്റെ ഉത്ഭവം മുതൽ ഒരു വ്യാപാര പാത എന്ന നിലയിൽ, നാഗരികതകളെ ബന്ധിപ്പിക്കുന്നതിലും സാംസ്കാരിക വിനിമയം വളർത്തുന്നതിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വികസനം രൂപപ്പെടുത്തുന്നതിലും ഗ്രാൻഡ് ട്രങ്ക് റോഡ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments