സൗജന്യ പിയാനോ പരിശീലനത്തിന് അന്താരാഷ്ട്ര അംഗീകാരം; ട്രിനിറ്റി സിലബസിൽ പഠിക്കാനും സർട്ടിഫിക്കറ്റ് നേടാനും അവസരം
ഹൂസ്റ്റൺ, ടെക്സസ്: സ്റ്റാഫോർഡിലെ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ചിന്റെ സാമൂഹിക സേവന സംരംഭമായ ‘ബഡ്ഡീസ്’ (Buddies) സൗജന്യ സംഗീതപഠന പദ്ധതിക്ക് ലണ്ടനിലെ പ്രശസ്തമായ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അഫിലിയേഷൻ ലഭിച്ചു. കുട്ടികൾക്ക് പൂർണമായും സൗജന്യമായി പിയാനോ പരിശീലനം നൽകുന്ന ഈ സംരംഭത്തിന് അന്താരാഷ്ട്ര സംഗീതവിദ്യാഭ്യാസ രംഗവുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായി സഭാവികാരി റവ. ഡോ. റോയ് വർഗീസ് അറിയിച്ചു.
അഞ്ചുവർഷത്തോളമായി പ്രവർത്തിക്കുന്ന ബഡ്ഡീസ് പ്രോഗ്രാമിൽ നിലവിൽ വിവിധ പ്രായക്കാരായ അൻപതോളം കുട്ടികൾ സൗജന്യമായി പിയാനോ അഭ്യസിക്കുന്നുണ്ട്. പുതിയ അഫിലിയേഷനിലൂടെ വിദ്യാർഥികൾക്ക് ട്രിനിറ്റി കോളേജിന്റെ അംഗീകൃത സിലബസ് അനുസരിച്ച് പഠനം നടത്താനും ഗ്രേഡഡ് സംഗീതപരീക്ഷകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള പ്രാവീണ്യ സർട്ടിഫിക്കറ്റുകൾ (Certificates of Proficiency) സ്വന്തമാക്കാം. ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിലെ പൂർവവിദ്യാർഥിയായ ആഷിക് ജോൺ ആണ് പ്രോഗ്രാമിന്റെ ഡയറക്ടറും പരിശീലകനും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധയും ക്രമബദ്ധമായ പരിശീലനവും നൽകിവരുന്നു.
കോവിഡ് മഹാമാരിക്കാലത്തെ അടച്ചുപൂട്ടലുകളും സാമൂഹിക ഒറ്റപ്പെടലുകളും മൂലം കുട്ടികൾക്ക് നഷ്ടപ്പെട്ട അവസരങ്ങൾ വീണ്ടെടുക്കാനും, അവരുടെ മാനസികാരോഗ്യവും സർഗാത്മക കഴിവുകളും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് സഭ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്വകാര്യ സംഗീതപരിശീലനത്തിന് വലിയ തുക ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിൽ, സാമ്പത്തിക-സാമൂഹിക വ്യത്യാസങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഗീതവിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുന്നത് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. ഡിജിറ്റൽ ലോകത്തിന്റെ അമിതസ്വാധീനവും സമ്മർദങ്ങളും നേരിടുന്ന പുതിയ കാലഘട്ടത്തിൽ, കുട്ടികളിൽ ഏകാഗ്രത, അച്ചടക്കം, ആത്മവിശ്വാസം, വൈകാരിക സന്തുലിതാവസ്ഥ എന്നിവ വളർത്താൻ സംഗീതപഠനം സഹായിക്കുന്നു എന്ന തിരിച്ചറിവിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
“സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി പ്രതികരിക്കുമ്പോഴാണ് സഭയുടെ ദൗത്യം കൂടുതൽ അർത്ഥവത്താകുന്നത്. കോവിഡ് കാലത്ത് ഒരു ചെറിയ സംരംഭമായി ആരംഭിച്ച പദ്ധതി ഇന്ന് അൻപതോളം കുട്ടികൾക്ക് സൗജന്യ സംഗീതവിദ്യാഭ്യാസം നൽകുന്ന നിലയിലേക്ക് വളർന്നു. ട്രിനിറ്റി കോളേജുമായുള്ള അഫിലിയേഷൻ ഈ കുട്ടികളുടെ കഴിവുകൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള പുതിയ വാതിലുകൾ തുറക്കുകയാണ്,” റവ. ഡോ. റോയ് വർഗീസ് വ്യക്തമാക്കി.
ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ആവശ്യങ്ങളോട് ചേർന്നുനിൽക്കുക എന്നതാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ആംഗ്ലിക്കൻ കമ്മ്യൂണിയന്റെ അംഗസഭയായ ദി എപ്പിസ്കോപ്പൽ ചർച്ചിന്റെ ടെക്സസ് രൂപതയിൽപ്പെട്ട ഇന്ത്യൻ സഭാസമൂഹമാണ് സ്റ്റാഫോർഡിലെ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ച്. ഇന്ത്യയിലെ സി.എസ്.ഐ (CSI), സി.എൻ.ഐ (CNI) സഭകൾ ഉൾപ്പെടുന്ന ആംഗ്ലിക്കൻ കൂട്ടായ്മയുടെ ഭാഗമായ എപ്പിസ്കോപ്പൽ ചർച്ച്, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുമായി പൂർണ സഭാസഹവർത്തിത്വബന്ധവും (Full Communion) പുലർത്തുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.