Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തില്‍ മനംനൊന്ത് 17കാരന്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തില്‍ മനംനൊന്ത് 17കാരന്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തില്‍ മനംനൊന്ത് 17 കാരന്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. മിഷിഗണ്‍ സ്വദേശിയായ ജോര്‍ദാന്‍ ഡിമെയ് ആണ് മരിച്ചത്. നൈജീരിയന്‍ സ്വദേശിയായ യുവാവിന്റെ ഓൺലൈൻ ലൈംഗിക ചൂഷണത്തിനിരയായാണ് മകന്‍ ജീവനൊടുക്കിയതെന്ന് ജോര്‍ദാന്റെ കുടുംബം ആരോപിക്കുന്നു. 2022 മാര്‍ച്ച് 25നാണ് ജോര്‍ദാന്‍ ജീവനൊടുക്കിയത്. മാര്‍ക്വറ്റേ സീനിയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ജോര്‍ദാന്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജോര്‍ദാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡാനി റോബര്‍ട്ട്‌സ് എന്നയാളുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയെന്ന് ധരിച്ചാണ് ജോര്‍ദാന്‍ ഈ വ്യക്തിയുമായി അടുപ്പത്തിലായത്. എന്നാല്‍ ഈ അക്കൗണ്ട് സാമുവല്‍ ഒഗോഷി എന്ന നൈജീരിയന്‍ യുവാവ് ഹാക്ക് ചെയ്തിരുന്നുവെന്നും ഇയാളാണ് പെണ്‍കുട്ടിയെന്ന വ്യാജേന ജോര്‍ദാനോട് സംസാരിച്ചിരുന്നതെന്നുമാണ് വിവരം.

അടുപ്പം സ്ഥാപിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ അയക്കാന്‍ സാമുവല്‍ ജോര്‍ദാനെ നിര്‍ബന്ധിച്ചിരുന്നു. ശേഷം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് സാമുവല്‍ ജോര്‍ദാനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാൻ തുടങ്ങി. ആയിരം ഡോളര്‍ നല്‍കണമെന്നും അല്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യമാക്കുമെന്നായിരുന്നു സാമുവലിന്റെ ഭീഷണി. ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് ജോര്‍ദാന്‍ പണം നല്‍കാമെന്ന് സമ്മതിച്ചു. 300 ഡോളര്‍ ഇയാള്‍ക്ക് കൊടുക്കുകയും ചെയ്തു.

എന്നാല്‍ സാമുവല്‍ വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. നിരന്തരമായ ഭീഷണി താങ്ങാനാകാതെ ജോര്‍ദാന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. അതേസമയം ജോര്‍ദാന്റെ മരണത്തിന് കാരണക്കാരായ സാമുവല്‍ ഒഗോഷിയേയും ഇയാളുടെ കൂട്ടാളികളായ സാംസണ്‍ ഒഗോഷി, എസ്‌കിയേല്‍ ഇജേഹം റോബര്‍ട്ട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറുകണക്കിന് പേരാണ് ഇവരുടെ കെണിയിലകപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിരവധി കൗമാരക്കാരായ ആണ്‍കുട്ടികളാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുക, അതിനായി ഗൂഢാലോചന നടത്തുക, അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോര്‍ദാന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. വളരെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു തന്റെ മകനെന്നും മകന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജോര്‍ദാന്റെ പിതാവ് ജോണ്‍ ഡിമെയ് പറഞ്ഞു.

രക്ഷിതാക്കൾക്കും കൗമാരക്കാർക്കുമിടയിൽ ഓൺലൈൻ അവബോധം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദുരന്തകഥ അടിവരയിടുന്നത്. ഓൺലൈൻ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ഇത്തരത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും മാതാപിതാക്കളും കുട്ടികളും ഒരുപോലെ അറിവുള്ളവരായിരിക്കണമെന്ന്ജോണ്‍ ഡിമെയ് പറയുന്നു.

അമേരിക്കയില്‍ കൗമാരക്കാരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും നേരെ ലൈംഗിക ചൂഷണ ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് എഫ്ബിഐ അറിയിച്ചു. ഇത്തരം ദുരനുഭവം നേരിടുന്നവര്‍ ഉടന്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് കുറ്റവാളികള്‍ ശ്രമിക്കുന്നതെന്നും എഫ്ബിഐ വൃത്തങ്ങള്‍ അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000). 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments